തൃശൂർ/ചേർപ്പ്/തൃപ്രയാർ: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇന്നലെ ഉച്ചയോടെ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. ഏതാനും നിമിഷം മാത്രം നീണ്ടുനിന്ന കാറ്റ് വൻനാശനഷ്ടമാണ് സൃഷ്ടിച്ചത്.
നൂറിലേറെ വീടുകൾ ചേർപ്പ്, ഊരകം, ചാഴൂർ, ആലപ്പാട്, തൃപ്രയാർ, തളിക്കുളം, ചാവക്കാട്, ചേലക്കര തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ നാശമുണ്ടായത്. ചേർപ്പ്, ഊരകം വില്ലേജുകളിൽ മാത്രം ഏകദേശം 75 വീടുകൾക്ക് ഭാഗികനഷ്ടമുണ്ടായി. നൂറുക്കണക്കിന് മരങ്ങൾ കടപുഴകി. പലയിടത്തും ഗതാഗതം മുടങ്ങി. പോസ്റ്റുകൾ വീണ് വൈദ്യുതബന്ധം തകരാറിലായി.
ചാഴൂർ പഞ്ചായത്തിലെ ആലപ്പാട്, പുറത്തൂർ പ്രദേശങ്ങളിൽ വ്യാഴാഴ്ച ഉച്ചയ്ക്കുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. നിരവധി വീടുകളുടെ ഓടുകളും ഷീറ്റുകളും പറന്നു പോയി. കൂറ്റൻ തേക്കുമരം ഉൾപ്പെടെ നിരവധി മരങ്ങൾ കടപുഴകി. ആനക്കല്ല് റോഡിലും ഒല്ലൂർ പൊലീസ് സ്റ്റേഷൻ പരിസരത്തും കാറ്റിൽ മരങ്ങൾ വീണു. തളിക്കുളം ഇടശേരി ബീച്ച് റോഡിൽ മരം വീണ് അഞ്ച് വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചു.
ചേർപ്പ്: പഞ്ചായത്തിലെ ചേർപ്പ്, പടിഞ്ഞാട്ടുമുറി, ഊരകം എന്നിവിടങ്ങളിൽ മിന്നൽച്ചുഴലി നാശം വിതച്ചു. 19ാം വാർഡിലെ വടക്കുമുറി, കടാമ്പുഴ, കുന്നത്ത് മുകൾ പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായത്. വൈദ്യുതിലൈൻ പൊട്ടിവീഴുകയും വൈദ്യുത പോസ്റ്റ് മറിഞ്ഞുവീഴുകയും ചെയ്തു.
ചേർപ്പ് ഭഗവതി ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ കടാമ്പുഴ മഹാവിഷ്ണു ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ഓടുകൾ കാറ്റിൽ ഇളകിമാറി. പല വീടുകളുടെയും ടെറസിലെ ഷീറ്റ് കാറ്റിൽ നിലംപതിച്ചു. പല വീടുകളിലും തൊട്ടടുത്ത വീടുകളിലെ മരം വീണാണ് കൂടുതൽ അപകടം സംഭവിച്ചത്.
വില്ലേജ് ഓഫീസർ സുരേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ. സുരേഷ്, മെമ്പർമാരായ ജോസ് ചാക്കേരി, ധന്യ സുനിൽ, ഇ.വി. ഉണ്ണിക്കൃഷ്ണൻ, സിനി പ്രദീപ് തുടങ്ങിയവർ പ്രദേശത്തെ വീടുകൾ സന്ദർശിച്ചു.
പ്രദേശത്തെ കോയാത്ത് രമണി പുതുനമ്പ്യാത്ത് സരസ്വതി, തട്ടിൽ കാട ജോൺസൺ, ശാന്ത, തെക്കിനിയത്ത് കുഞ്ഞാമര ജോണി, കളരിക്കൽ രമേഷ്, കളരിക്കൽ ഗോപി, കല്ലൂക്കാരൻ ജിമ്മി, കരിപ്പേരി വിൻസൻ, നെല്ലിശ്ശേരി ആന്റണി, മൂർക്കത്ത് വളപ്പിൽ ഗോപാലകൃഷ്ണൻ, എടത്തുരുത്തിക്കാരൻ ജോയ്, കാക്കശ്ശേരി മൊയ്തീൻ കുട്ടി, ആത്ര സരസ്വതി, കോല്യാൻ മിഥുൻ, കൊഴക്കുഴി പറമ്പിൽ അവറു, നാരങ്ങലിൽ ശിവദാസൻ, കിഴക്കൂട്ട് സതി, കളരിക്കൽ കുട്ട പട്ടത്ത് സജീവൻ തുടങ്ങിയ ഇരുപതോളം വീട്ടുകാർക്ക് നാശനഷ്ടം സംഭവിച്ചു.
മുല്ലശ്ശേരിയിൽ മണ്ണിടിഞ്ഞ സ്ഥലം പ്രത്യേക സംഘം സന്ദർശിച്ചു
പാവറട്ടി: കുന്നിടിഞ്ഞ് വീണ് തകർന്ന മുല്ലശ്ശേരിയിലെ വീട് റവന്യൂ സംഘം സന്ദർശിച്ചു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ പ്രദേശത്തെ ബാബുവിന്റെ ടെറസ് വീടാണ് തകർന്നത്.
അപകടസാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്തെ വീട്ടുകാരോട് മറ്റൊരിടത്തേക്ക് മാറിത്താമസിക്കാൻ നിർദ്ദേശം നൽകി. 35 അടിയോളം താഴ്ചയിൽ കുത്തനെ കുഴിയെടുത്തതാണ് മണ്ണിടിയാൻ കാരണമെന്നാണ് വിലയിരുത്തൽ. 11 കുടുംബങ്ങളും ഒരു അംഗൻവാടിയുമാണ് പ്രദേശത്തുള്ളത്. താത്കാലികമായി അംഗൻവാടി അടച്ചിട്ടുണ്ട്.
മണ്ണുപരിശോധനാ വിഭാഗം ജില്ലാ ഓഫീസർ പി.ഡി. സിന്ധു, അസിസ്റ്റന്റ് രമ്യ ശശിധരൻ, ഹസാഡ് അനലിസ്റ്റ് സുസ്മി സണ്ണി, ഭൂഗർഭജല വകുപ്പ് ജൂനിയർ ഹൈഡ്രോ ജിയോളജിസ്റ്റ് പി.പി. ഷൈനി, ജിയോളജി വകുപ്പ് അസിസ്റ്റന്റ് ജില്ലാ ഓഫീസർ വി. അമൃത എന്നിവർ അടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.
മണ്ണിടിച്ചിൽ തടയാൻ വർഷകാലത്തിന് ശേഷം രണ്ട് മൂന്ന് തട്ടുകളാക്കി തിരിച്ച് ഇഞ്ചിപ്പുല്ല് വച്ചുപിടിപ്പിക്കേണ്ടിവരും. തുടർന്ന് കൃത്യമായ മേൽനോട്ടത്തോടെ ബലപരിശോധന നടത്തുകയും വേണം. ഈവിധം മാത്രമേ പരിഹാരം കണാനാകൂ.
- പരിശോധനാ സംഘം