
തൃശൂർ: പേ വിഷബാധ പ്രതിരോധ കുത്തിവെയ്പ്പിനായി ദിവസവും 150 മുതൽ 175 വരെ രോഗികൾ എത്തുന്ന ഗവ. മെഡിക്കൽ കോളേജിൽ മോഡൽ പേവിഷബാധ പ്രതിരോധ ക്ലിനിക്ക്. ഒരേ സമയം 6 രോഗികൾക്ക് വരെ സീറം ചികിത്സ ലഭ്യമാക്കാൻ മോഡൽ പേവിഷബാധ പ്രതിരോധ ക്ലിനിക്കിലൂടെ സാധിക്കും.
ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ഇതേ കേന്ദ്രം തടസമില്ലാതെ പ്രവർത്തിക്കും. ഒ.പി ടിക്കറ്റുകൾ ടോക്കൺ ഇല്ലാതെ തന്നെ നേരിട്ട് അത്യാഹിത വിഭാഗത്തിൽ നിന്നും ലഭ്യമാകും. തൃശൂരിന് പുറമേ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരും ഈ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. ഒ.പി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ക്ലിനിക്കിൽ ഒരേ സമയം രണ്ട് പേർക്ക് സീറം നൽകാനുള്ള സൗകര്യം മാത്രമാണ് ഉണ്ടായിരുന്നത്. പകൽ സമയങ്ങളിൽ ഒ.പിയിലും മറ്റു സമയങ്ങളിൽ അത്യാഹിത വിഭാഗത്തിലുമായി പ്രവർത്തിച്ചിരുന്നതും രോഗികൾക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
ഇതിന് പുറമേ വാക്‌സിൻ നൽകാനും സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന അവസരത്തിലാണ് പുതിയ സ്ഥലം കണ്ടെത്താനുളള ഉദ്യമം ആരംഭിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ.ബിജു കൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.നിഷ എം.ദാസ്, ആർ.എം.ഒ ഡോ.രന്ദീപ്, കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ.അനിത ഭാസ്‌കർ, പീഡ് സെൽ മേധാവി ഡോ.ബിനു അരീക്കൽ എന്നിവർ ചേർന്ന് സ്ഥലം കണ്ടെത്തുകയും, ക്ലിനിക് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. തീരുമാനമെടുത്ത് 72 മണിക്കൂറിനുള്ളിൽ ഹൗസ് കീപ്പിംഗ്, പി.ഡബ്‌ള്യു.ഡി. സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളുടെ സഹകരണത്തോടെ ക്ലിനിക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു.