കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ അന്നദാനം കർക്കടകം ഒന്നിന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പുനരാരംഭിക്കുന്നു. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നാണ് അന്നദാനം നിറുത്തിവച്ചത്.
ശ്രീ കുരുംബ ഭഗവതി സേവാസഭ എന്ന സംഘടനയാണ് അന്നദാനം നടത്തിവന്നിരുന്നത്. കാൽ നൂറ്റാണ്ട് കാലം അന്നദാനം നടത്തിയിരുന്ന സേവാസഭയുടെ കഴിഞ്ഞ മാസം ചേർന്ന വാർഷിക യോഗമാണ് അന്നദാനം ദേവസ്വം ബോർഡിനെ ഏൽപ്പിക്കാൻ തീരുമാനിച്ചത്.
മേടത്തിലെ കാർത്തിക നക്ഷത്രത്തിൽ ചാന്താട്ടത്തിനായി അഴിച്ചുവച്ച തിരുവാഭരണങ്ങൾക്ക് പുറമേ മുഴുവൻ ആഭരണങ്ങളും അണിഞ്ഞ് കൊടുങ്ങല്ലൂരമ്മ കർക്കടകം ഒന്നിന് സർവാഭരണ വിഭൂഷിതയായി ഞായറാഴ്ച ദർശനം നൽകും. ആ ദിവസമാണ് ദേവസ്വം ബോർഡ് അന്നദാനം ആരംഭിക്കുന്നത്.
അന്നദാനം നടന്നുവന്നിരുന്ന കിഴക്കെനടയിലെ ഊട്ടുപുര മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനകം നവീകരിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും. ശ്രീ കുരുംബ ഭഗവതി സേവാസഭ ഭാരവാഹികൾ ചടങ്ങിൽ താക്കോൽ തിരിച്ചേൽപ്പിക്കും.
അന്നദാനം
175 വർഷങ്ങൾക്ക് മുമ്പ് നിറുത്തിവച്ച അന്നദാനം കൊടുങ്ങല്ലൂരിലെ പാരമ്പര്യ ശാന്തിക്കാരനായ ത്രിവിക്രമൻ അടികളുടെ നേതൃത്വത്തിൽ 1998ൽ ശ്രീ കുരുംബ ഭഗവതി സേവാസഭ എന്ന സംഘടനയുണ്ടാക്കി പുനരാരംഭിച്ചു. ത്രിവിക്രമൻ അടികൾ സ്ഥാപക സെക്രട്ടറിയും പരേതനായ ടി. രാമൻകുട്ടി മാസ്റ്റർ സ്ഥാപക പ്രസിഡന്റുമായുള്ള 500 ഓളം പേരടങ്ങുന്ന കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അന്നദാനം.
കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ മുഖ്യരക്ഷാധികാരിയായിരുന്നു. ജസ്റ്റിസ് സി.എസ്. രാജൻ, ജസ്റ്റിസ് ശങ്കര സുധൻ, ജസ്റ്റിസ് പി.ആർ. രാമൻ, പരേതരായ ജസ്റ്റിസ് ചന്ദ്രശേഖരമേനോൻ, ജസ്റ്റിസ് കെ.പി. രാധാകൃഷ്ണ മേനോൻ തുടങ്ങിയവർ സ്ഥാപക അംഗങ്ങളായിരുന്നു. 2019 മാർച്ചിൽ ലോക്ക് ഡൗണിലാണ് അന്നദാനം നിറുത്തിവച്ചത്.