പുത്തൂർ: വെള്ളിയാഴ്ച രാവിലെ 6.30ഓടെ മലയോര മേഖലയായ ആശാരിക്കാട്, കൊളാംകുണ്ട്, വെള്ളക്കാരിത്തടം, ചെന്നായ്പാറ മേഖലയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം സംഭവിച്ചു. മേഖലയിലെ 11 വീടുകൾക്ക് മുകളിൽ മരം വീണ് നാശനഷ്ടം സംഭവിച്ചു. ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. ചേരുംകുഴിയിൽ കുറ്റിപ്പഴക്കാരൻ ആന്റണിയുടെ വീടിന്മേൽ സമീപവാസിയായ സജി ഇരുപ്പുമലയുടെ മേൽക്കൂരയിലെ ട്രസ് വർക്ക് പതിച്ച് വീടിന്റെ പാതിഭാഗം തകർന്നു. കനത്ത കാറ്റിൽ 1000 ഓളം വാഴകൾ, റബ്ബർ മരങ്ങൾ, ജാതി, തെങ്ങ് എന്നിവയും നശിച്ചു. വെള്ളക്കാരിടത്ത് മുപ്പാട്ടിൽ പീറ്ററിന്റെ 300 വാഴ, 150 ജാതി, ജസ്റ്റിൻ പന്തലാനിക്കലിന്റെ 10 ജാതി, തേക്ക് മരം എന്നിവയാണ് വീണത്. സംഭവമറിഞ്ഞ് ഡെപ്യൂട്ടി കളക്ടർ ഫരീദ്, തഹസിൽദാർ ജയശ്രീ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് രമ്യ രാജേഷ്, പാണഞ്ചേരി പഞ്ഞായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, നേതാക്കളായ പി.ഡി. റെജി, ടി.ആർ. രാധാകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി.