ഗുരുവായൂർ: കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി നഗരസഭാ സ്ഥാപനങ്ങൾ സന്ദർശിക്കാൻ എത്തിയത് നഗരസഭയെ അറിയിക്കാതെയാണെന്ന് നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്. നഗരസഭയെ അറിയിക്കാതെ സ്ഥാപനങ്ങൾ സന്ദർശിക്കാൻ എത്തിയ മന്ത്രിയുടെ നടപടി അനുചിതവും സാമാന്യ ജനാധിപത്യ മര്യാദകളുടെ ലംഘനവുമാണ്. മന്ത്രിയുടെ സന്ദർശനത്തെ തികച്ചും രാഷ്ട്രീയ പ്രേരിതമായേ കാണാനാവൂ. സന്ദർശനം ഔദ്യോഗികമായി അറിയിക്കാതെ സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരെയും കൂട്ടി നഗരസഭ സ്ഥാപനങ്ങളിൽ വരികയും നഗരസഭ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുകയും ചെയ്യുന്നത് കേന്ദ്ര മന്ത്രി എന്ന അദ്ദേഹത്തിന്റെ പദവിക്ക് ചേർന്നതല്ല. ഗുരുവായൂർ നഗരസഭ അമൃത് പദ്ധതിയിൽപ്പെടുത്തിയിട്ടുള്ള പ്രധാന പദ്ധതികൾ എല്ലാം പൂർത്തിയാക്കുകയും അനുമതി ലഭിച്ച സംഖ്യയുടെ 70% ത്തോളം ചെലവഴിക്കുകയും ബാക്കി പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരികയുമാണ്. സ്വാതന്ത്രത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലക്‌നോവിൽ നടന്ന ദേശീയ നഗര പ്രദർശനത്തിലേക്ക് കേരളത്തിൽ നിന്നും തെരഞ്ഞടുക്കപ്പെട്ട ഏക നഗരസഭ ഗുരുവായൂർ ആയിരുന്നു. പ്രസാദ് പദ്ധതി പ്രകാരം നഗരസഭയ്ക്ക് അനുമതി ലഭിച്ച 2 പദ്ധതികളും (അമിനിറ്റി സെന്റർ, ഫെസിലിറ്റേഷൻ സെന്റർ) സമയബന്ധിതമായി പൂർത്തിയാക്കി. സാങ്കേതിക കാരണങ്ങളാലാണ് അത് പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയാതെ പോയത്. അടിയന്തരമായി ഇത് പരിഹരിക്കപ്പെടുമെന്നും ചെയർമാൻ എം. കൃഷ്ണദാസ് വ്യക്തമാക്കി.