പാവറട്ടി: മുല്ലശ്ശേരിയിൽ മഴയിൽ കുന്നിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ അധികൃതർ ജാഗ്രത നിർദ്ദേശം നൽകിയിട്ടും താമസം മാറാതെ കുന്നിന് മുകളിലും താഴെയുമുള്ള കുടുംബങ്ങൾ. പത്തോളം കുടുംബങ്ങളാണ് ഇപ്പോഴും വീടുകളിൽ കഴിയുന്നത്. ബുധനാഴ്ച കാഞ്ഞിരത്തിങ്കൽ ബാബുവിന്റെ വീട് പൂർണമായി തകർന്നതോടെ ഏറെ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിരുന്നു. കുടുംബങ്ങളെ മുല്ലശ്ശേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേക്ക് മാറ്റാനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെങ്കിലും വീട് മാറാൻ ആരും തയ്യാറായില്ല. പകരം ബന്ധു വീട്ടിലേക്ക് മാറാമെന്നാണ് കുന്നിന് സമീപത്തെ വീട്ടുകാർ പറഞ്ഞത്. എന്നാൽ ഇവർ രാത്രിയിൽ മാത്രമാണ് ബന്ധുവീടുകളിലേക്ക് മാറുന്നത്. ബാക്കിയുള്ള സമയത്തെല്ലാം അപകട ഭീഷണിയുള്ള വീട്ടിലാണ് കഴിയുന്നത്. വെള്ളിയാഴ്ച മുല്ലശ്ശേരി വില്ലേജ് ഓഫിസർ എൽ. ലേഖ വീട് മാറാത്തവർക്കതിരെ നോട്ടീസ് നൽകിയിട്ടുണ്ട്.