oversiyor

ചേർപ്പ്: അവിണിശ്ശേരി പഞ്ചായത്തിൽ ഓവർസിയർമാർ ഇല്ല. സർക്കാർ വക നിർമ്മാണങ്ങളും വീട്ടുനമ്പറിടലും പ്രതിസന്ധിയിൽ. പഞ്ചായത്തിലെ എൻജിനിയറിംഗ് വിഭാഗത്തിൽ ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറും രണ്ട് ഓവർസിയർമാരുമാണ് നിലവിലുണ്ടായിരുന്നത്. എന്നാൽ മാസങ്ങൾക്ക് മുമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് തെരഞ്ഞെടുത്ത് ജോലി ചെയ്തിരുന്ന ഓവർസിയർ നിയമന കാലാവധി കഴിഞ്ഞ് പോയതോടെയാണ് പഞ്ചായത്തിൽ കെട്ടിട നിർമ്മാണ മേഖലയിൽ പ്രതിസന്ധിയാരംഭിച്ചത്.

ചേർപ്പ് പഞ്ചായത്തിൽ നിന്ന് ആഴ്ചയിൽ ഒരു ദിവസം താത്കാലികമായി ഓവർസിയർ പഞ്ചായത്തിൽ എത്തുന്നുണ്ടെങ്കിലും പഞ്ചായത്തിലെ 14 വാർഡുകളിലും എത്തിച്ചേരാനാകുന്നില്ല. അതിനാൽ നിരവധി പേരാണ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് പെർമിറ്റും കെട്ടിടം നമ്പറും ലഭിക്കാനായി ദിവസേന പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുന്നത്. ചേർപ്പിൽ നിന്നെത്തുന്ന ഓവർസിയർ, പഞ്ചായത്തിലെ വാർഡുകളിലെ സ്ഥലങ്ങൾ അറിയാത്തതുമൂലം യാത്രാക്കൂലിയായി കെട്ടിട ഉടമകളിൽ നിന്ന് വൻതുകയാണ് ഈടാക്കുന്നത്. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ നിരവധി പേരാണ് കെട്ടിട നിർമ്മാണം പൂർത്തിയായിട്ടും നമ്പർ ലഭിക്കാതെ ബുദ്ധിമുട്ടിലായത്.

മാസങ്ങൾക്ക് മുമ്പ് കാലാവധി പൂർത്തിയായി പോയ ഒഴിവിലേക്ക് മറ്റൊരാളെ നിയമിക്കാനോ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ പഞ്ചായത്തിലുള്ള മറ്റൊരു വനിതാ ഓവർസിയർക്ക് ശാരീരിക അസ്വസ്ഥതയുള്ളതിനാൽ കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലേക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. അവരും ഈ മാസത്തോടെ ലീവിൽ പ്രവേശിച്ചേക്കും. അതോടെ പഞ്ചായത്തിൽ എൻജിനീയറിംഗ് വിഭാഗത്തിൽ എൻജിനീയർ മാത്രമായി ഒതുങ്ങും. കെട്ടിടത്തിന്റെ പെർമിറ്റ് നൽകാനും നമ്പർ ലഭിക്കാനുമായി കെട്ടിട ഉടമകൾ പഞ്ചായത്തിലേക്ക് പണം നൽകുന്നുണ്ടെങ്കിലും മറ്റു പഞ്ചായത്തുകളിൽ നിന്ന് വരുന്നതാണെന്ന് പറഞ്ഞ് സാധാരണക്കാരിൽ നിന്ന് പോലും യാത്രാക്കൂലിയിനത്തിൽ ഭാരിച്ച തുകയാണ് പലരും വാങ്ങുന്നത്. പഞ്ചായത്തിൽ സ്ഥിരമായി ഒരു ഓവർസിയറുണ്ടെങ്കിൽ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.