തൃശൂർ: ഹൈക്കോടതി നിർദ്ദേശമനുസരിച്ച് ചേർന്ന കൗൺസിൽ യോഗം അലങ്കോലപ്പെട്ടതിനെ തുടർന്ന് പുറത്ത് കടന്ന് കാറിൽ കയറുന്നതിനിടെ മേയറെ തടഞ്ഞ പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കേസെടുത്തു. പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ എന്നിവർക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്. ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസം സൃഷ്ടിച്ചുവെന്ന് കാണിച്ചാണ് കേസ്. എന്നാൽ ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്കെതിരെ സഹിഷ്ണുതയോടെ പെരുമാറാൻ തയ്യാറാകാതെ മേയർ പകപോക്കൽ രാഷ്ട്രീയം നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലനും നഗരസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയലും പറഞ്ഞു. ഭരണ സ്വാധീനത്തിന്റെ പേരിൽ പൊലീസിനെ കൊണ്ട് വീണ്ടും ജാമ്യമില്ലാ വകുപ്പ് കേസുകൾ എടുപ്പിച്ച് കോൺഗ്രസ് കൗൺസിലർമാർ നടത്തുന്ന പ്രതിഷേധ സമരങ്ങളെ അടിച്ചമർത്താൻ നോക്കേണ്ടയെന്നും ഇരുവരും പറഞ്ഞു.