വേലൂർ: ശിലകളിൽ മാസ്മരിക വിദ്യകളുമായി വിസ്മയം തീർക്കുകയാണ് വെള്ളാറ്റഞ്ഞൂർ കായൽപ്പുരയ്ക്കൽ രാജൻ. കല്ലിൽ വിരിയിച്ച വിസ്മയം ജനിപ്പിക്കുന്ന അദ്ദേഹത്തിന്റെ ശിൽപ്പങ്ങൾ കേരളത്തിൽ പലയിടങ്ങളിലായി തല ഉയർത്തി നിൽക്കുന്നു. പതിനേഴാമത്തെ വയസിൽ ശിൽപ്പ വിദ്യയിൽ ആകൃഷ്ടനായി ശിൽപ്പവിദ്യ പഠിക്കുകയും നിരവധി സ്ഥലങ്ങളിൽ പ്രശസ്തമായ ശിൽപ്പ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പാലയൂർ പള്ളിയിലെ പ്രധാന സ്ഥലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ രാജൻ കായൽപ്പുരയ്ക്കൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. കാസർകോട് നീലേശ്വരത്ത് കല്ലിൽ മേൽക്കൂര അടക്കമുള്ള ക്ഷേത്രം അദ്ദേഹത്തിന്റെ കരവിരുത് വിളിച്ചോതുന്നു. വെള്ളാറ്റഞ്ഞൂർ കൂട്ടുമുച്ചിക്കൽ ക്ഷേത്രത്തിലെ കരിങ്കൽ ശിൽപ്പ വിദ്യകൾ അദ്ദേഹം ചെയ്തിട്ടുള്ളതാണ്. മുഖവും ശരീരവും അതിസൂക്ഷ്മമായ ആടയാഭരണങ്ങളും ആനകളും കുതിരകളും ഒക്കെ കല്ലിൽ നിന്ന് വിരിയിച്ചെടുക്കുന്ന രാജൻ തനിക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് മാത്രമാണ് ജീവിതം എന്ന മനോഹര ശിൽപ്പം മുന്നോട്ടു കൊണ്ടുപോകുന്നത്. അസീസി സ്‌കൂളിലെ അദ്ധ്യാപികയായ സബിതയാണ് ഭാര്യ. മക്കൾ: ശ്രിയ ഹാഷ്മി, ശ്രിയ ലക്ഷ്മി, ശ്രിയ കാർത്തിക.