പുതുക്കാട്: കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അശ്വനികുമാർ ചൗബേയുടെ ചിമ്മിനി ഡാം സന്ദർശനം വാച്ചർന്മാർക്ക് ആശ്വാസമായി. മൂന്ന് മാസമായി ശമ്പളം കിട്ടാതിരുന്ന വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലെ ആദിവാസി വാച്ചർമാരുടെ ദയനീയ സ്ഥിതി മന്ത്രിയെ സ്വീകരിക്കാൻ കാത്തിരുന്ന ബി.ജെ.പി കർഷക മോർച്ച നേതാക്കളുമായി അവർ പങ്ക് വെച്ചിരുന്നു. പത്ത് വർഷത്തിലധികമായിട്ടും ദിവസ വേതനക്കാരായി തുടരുന്നു. ഒരു മാസം 26 ദിവസത്തെ വേതനം കിട്ടിയിരുന്നത് ഇപ്പോൾ 20 ദിവസമായി. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന വിഹിതവുമായാണ് ഇവരുടെ വേതനം നൽകിയിരുന്നത്. ഇവരുടെ ദയനീയ സ്ഥിതി മനസിലാക്കിയ നേതാക്കൾ ഉടനെ നിവേദനം തയ്യാറാക്കി മന്ത്രിക്ക് കൈമാറി. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം സലേഷ്, കർഷക മോർച്ച ജില്ലാ കമ്മിറ്റി അംഗം എൻ.ആർ. അജിതൻ, പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിവേദനം കൈമാറിയത്. ലഘുഭക്ഷണസമയത്ത് സെൻട്രൽ സർക്കിൾ ഫോറസ്റ്റ് കൺസർവേറ്റർ അനൂപ്, പീച്ചി വൈൽഡ് ലൈഫ് വാർഡൺ പി.എം.പ്രഭു തുടങ്ങിയവരുമായി മന്ത്രി വിഷയം ചർച്ച ചെയ്തു. കുടിശിക വേതനം ഉടനെ നൽകാനും 20 ദിവസത്തിന് 26 ദിവസത്തെ വേതനം ഈ മാസം മുതൽ പുനസ്ഥാപിച്ച് നൽകാനും തീരുമാനമായി. നിറഞ്ഞ സദസിന് മുമ്പാകെ മന്ത്രി തന്നെ അക്കാരൃം പ്രഖ്യാപിക്കുകയും ചെയ്തു. ജില്ലാ നേതാക്കളായ അഡ്വ. കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, എൻ.ആർ. റോഷൻ, സജീവൻ അമ്പാടത്ത് എന്നിവരും മന്ത്രിയെ അനുഗമിച്ചിരുന്നു.