ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലും ദേവസ്വം കീഴേടം ക്ഷേത്രങ്ങളിലും രാമായണ മാസാചരണ ചടങ്ങുകൾ ഇന്ന് രാവിലെ മുതൽ തുടങ്ങും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാമായണ പാരായണവും ഭക്തി പ്രഭാഷണവും ഉണ്ടാകും. രാവിലെ ആറര മുതൽ ഒരു മണിക്കൂർ രാമായണ പാരായണവും രാത്രി ഏഴു മുതൽ ഭക്തിപ്രഭാഷണവും നടക്കും. ഇന്ന് രാത്രി എഴുമണിക്ക് രാമായണമാസ ഭക്തിപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഭദ്രദീപം തെളിച്ച് നിർവഹിക്കും. ആദ്യപ്രഭാഷണവും അദ്ദേഹം നടത്തും. ദേവസ്വം കീഴേടം ക്ഷേത്രങ്ങളായ പൂന്താനം മഹാവിഷ്ണു ക്ഷേത്രം, നെന്മിനി ബലരാമ ക്ഷേത്രം, വെർമാനൂർ ശിവക്ഷേത്രം എന്നിവിടങ്ങളിൽ രാമായണ പാരായണം നടക്കും. കാവീട് കാർത്ത്യായനി ക്ഷേത്രത്തിൽ കർക്കടകം ഒന്നു മുതൽ 12 ന് കൂടി മുറജപ പുഷ്പാഞ്ജലി ഉണ്ടാകും. ഈ വർഷം കർക്കടക വാവുബലിക്ക് നെന്മിനി ബലരാമ ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കിയിട്ടുണ്ട്. കർക്കിടക വാവുബലിദിനമായ 28ന് രാവിലെ 5 മുതൽ തന്നെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും.