
കയ്പമംഗലം: ശക്തമായ കാറ്റിൽ ദേശീയപാതയിൽ മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. ദേശീയപാത 66 കയ്പമംഗലം ബോർഡിന് തെക്കുവശം റോഡരികിൽ നിന്നിരുന്ന കൂറ്റൻ മരമാണ് ഇന്നലെ വൈകീട്ട് നാലോടെ കടപുഴകി വീണത്. സംഭവസമയം റോഡിൽ വാഹനങ്ങളും ആളുകളും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ദേശീയപാതയിൽ ഗതാഗതം ഒരു മണിക്കൂറോളം സ്തംഭിച്ചു. ഉടനെ കയ്പമംഗലം പൊലീസും നാട്ടിക ഫയർഫോഴ്‌സും സ്ഥലത്തെത്തി. സ്റ്റേഷൻ ഫയർ ഓഫീസർ പ്രേമരാജന്റെ നേതൃത്വത്തിൽ മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.