ചേലക്കര: കേരളം ശുദ്ധിയുള്ള നാടായി മാറണമെന്നും വേണ്ടത് മുൻകരുതലും സംയുക്ത ചികിത്സയുമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ചേലക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡിനെ പ്രതിരോധിച്ച നേട്ടം കൂട്ടായ്മയുടെ ആണ്. മരുന്ന് കിട്ടാതെയോ ഭക്ഷണം കിട്ടാതെയോ ആരും മരിക്കരുതെന്ന് നമ്മൾ തീരുമാനിച്ചു. ഇപ്പൊൾ മങ്കി പോക്‌സ് പോലെയുള്ള പുതിയ രോഗങ്ങൾ വരികയാണ്. നമ്മുടെ മണ്ഡലത്തിൽ കരിമ്പനി രോഗം റിപ്പോർട്ട് ചെയ്തിരുന്നു. ആയുർവേദവും അലോപ്പതിയും ഹോമിയോപ്പതിയുടെയും സംയുക്ത ചികിത്സാ സമീപനം വേണം. മണ്ണുമായി ചേർന്ന് കൃഷി ചെയ്താൽ പ്രതിരോധം വർദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ഷെയ്ക് അബ്ദുൾ ഖാദർ, പത്മജ എം.കെ., പത്മജ കെ., ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ്. നായർ എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളായ സുചിത്ര എം.വി., അരുൺ കാളിയത്ത്, സിന്ധു എസ്., ഗീതാ രാധാകൃഷ്ണൻ, ലത സാനു, ഷിജിത സൂസൻ അലക്‌സ്, ടി.ഗോപാലകൃഷ്ണൻ, എച്ച്. ഷലീൽ, കെ. പി. ശ്രീജയൻ, എം.ഹരിദാസ് , യു.ആർ.രാഹുൽ എന്നിവർ സംസാരിച്ചു. മേളയുടെ ഭാഗമായി ആരോഗ്യ ബോധവത്കരണ റാലി, വിദ്യാർത്ഥികളുടെ ഫ്‌ളാഷ് മോബ്, സ്‌കൂൾ കുട്ടികൾക്കായി ചിത്ര രചന മത്സരം, യോഗാ പ്രദർശനം, ജീവിതശൈലി രോഗ നിർണയ ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, കൊവിഡാനന്തര ചികിത്സ തുടങ്ങിയവയുണ്ടായി.
ഇടമലക്കുടി പോലെയുള്ള പട്ടിക വർഗ മേഖലയിൽ ഒരാൾക്ക് പോലും കൊവിഡ് ലോകം മുഴുവൻ വ്യാപിച്ച ഘട്ടത്തിൽ വന്നിരുന്നില്ല. അവർക്ക് നാച്ചുറലായുള്ള പ്രതിരോധമുണ്ട്. അത്തരം നാച്ചുറൽ ഇമ്മ്യൂണിറ്റി വേണം.
-കെ. രാധാകൃഷ്ണൻ.
(പട്ടികജാതി വകുപ്പ് മന്ത്രി)