meeting
ശ്രീനാരായണ ഹാളിൽ നടന്ന ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറം യോഗം.

ചാലക്കുടി: ചാലക്കുടിപ്പുഴയുടെ മീതെയുള്ള ഡാമുകൾ നിറഞ്ഞു നിൽക്കുന്നത് ആശങ്കാജനകമാണെന്ന് ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റെ അടിയന്തര യോഗം വിലയിരുത്തി. പുഴയുമായി നേരിട്ടു ബന്ധമുള്ള മൂന്നു ജലസംഭരണികളിലെ വെള്ളത്തിന്റെ അളവ് ക്രമപ്പെടുത്തി നിയന്ത്രിക്കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഷോളയാറിലെ ജലനിരപ്പ് എൺപത് ശതമാനത്തിലും പറമ്പിക്കുളത്തേത് 1820 അടിയിലും ഉയരാൻ അനുവദിക്കരുത്. പെരിങ്ങൽക്കുത്തിലെ വെള്ളത്തിന്റെ അളവ് 414 മീറ്ററിൽ നിറുത്തണം. ഇക്കാര്യങ്ങൾ ഉന്നയിച്ച് വേണ്ടി വന്നാൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. നിയമ നടപടികളിലേക്ക്് കടക്കുന്നതിന്റെ സാദ്ധ്യത ആരായുന്നതിനും കെ.എം. ഹരിനാരായണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു. പറമ്പിക്കുളം ഡാമിൽ ക്രമാതീതമായി വെള്ളം ഉയരുന്നതാണ് പ്രധാനമായും ചർച്ചയായത്. 1825 അടി സംഭരണശേഷിയുള്ള ഡാമിൽ ഇപ്പോൾ 1821.6 അടി വെള്ളമുണ്ട്്. മഹാപ്രളയമുണ്ടായ 2018 ൽ ഈ സമയത്ത് ഇത്രയേറെ വെള്ളം ഡാമിലുണ്ടായിരുന്നില്ല. പെരിങ്ങൽക്കുത്ത് ഡാമിലെ വെള്ളം 421.5 മീറ്ററായി ഉയർത്തി നിറുത്തിയ നടപടിയിൽ യോഗം പ്രതിഷേധിച്ചു. എസ്.പി. രവി, കൺവീനർ എം. മോഹൻദാസ്, അഡ്വ. ബിജു എസ്.ചിറയത്ത്, കെ. മുരാരി, യു.എസ്. അജയകുമർ, കെ.എം. ഗോപാലകൃഷ്ണൻ, സുരേഷ് മുട്ടത്തി, ബാബു നമ്പാടൻ, അഡ്വ.ആന്റോ ചെറിയാൻ, വിനീത ചോലയാർ തുടങ്ങിയവർ സംസാരിച്ചു.