ചേലക്കര: പട്ടയഭൂമിയിൽ നിന്നും അനധികൃതമായി മരം മുറിച്ച് കടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് ജനങ്ങൾക്കിടയിൽ ആവശ്യമുയരുന്നു. പങ്ങാരപ്പിള്ളി ആനപ്പാറയിൽ റബർ പ്ലാന്റേഷന് വേണ്ടി ലഭിച്ച സ്ഥലത്തെ തേക്ക്, ഇരുൾ അടക്കമുള്ള വൻമരങ്ങളാണ് മുറിച്ച് കടത്തിയത്. ഇത്തരം മരങ്ങൾ മുറിക്കാനുള്ള അനുവാദം ഇല്ലായിരുന്നിട്ടു കൂടി മരങ്ങൾ ചുവടോടെ പിഴുത് കൊണ്ടുപോയത് വനപാലകർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ പിന്തുണ ഉണ്ടെങ്കിൽ സാദ്ധ്യമാകൂ എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മച്ചാട് റേഞ്ചിലെ എളനാട് ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിൽ വരുന്നതാണ് ഈ സ്ഥലം. കുറച്ചു നാൾ മുമ്പാണ് സമീപ പ്രദേശങ്ങളിൽ മരം മുറിച്ചു കടത്തൽ ഉണ്ടായത്. ഭൂ ഉടമകളുടെ പേരിൽ കേസുകൾ എടുക്കുകയും അവർ നിയമ നടപടികൾ നേരിടുകയുമാണ്.