
തൃശൂർ : കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും വീടുകൾക്കും കൃഷികൾക്കും ഉൾപ്പെടെ സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ സത്വര നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി കെ.രാജൻ അറിയിച്ചു. സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റുവാൻ പഞ്ചായത്തിരാജ് ആക്ട്, സെക്ഷൻ 238 പ്രകാരം ആവശ്യമായ നടപടി തദേശ സ്ഥാപന സെക്രട്ടറിമാർ കൈക്കൊള്ളണം.
മിന്നൽച്ചുഴലി നാശം വിതച്ച നടത്തറ പഞ്ചായത്തിലെ ചേരുംകുഴി , ആശാരിക്കാട് മേഖലയിലും, പുത്തൂർ പഞ്ചായത്തിലെ വെള്ളക്കാരിത്തടം, കൊളാംകുണ്ട്, ചെന്നായ് പാറ, പാണഞ്ചേരി പഞ്ചായത്തിലെ പയ്യനം, വിലങ്ങന്നൂർ എന്നിവിടങ്ങളിലായി നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ച പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു. കളക്ടർ ഹരിത വി.കുമാർ, ആർ.ഡി.ഒ വിഭൂഷണൻ, ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ പി.ഡി.ജിതേഷ്, തഹസിൽ ദാർ ടി.ജയശ്രീ എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
സര്ഗാത്മക രചനകളിലെ സന്ദേശം
സംസ്കാരത്തെ സ്ഫുടം ചെയ്യും
തൃശൂർ: സർഗാത്മക രചനകളിലെ സന്ദേശങ്ങൾ മനുഷ്യ സംസ്കാരത്തെ സ്ഫുടം ചെയ്യുമെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. പ്രൊഫ.വി.പിജോൺസ് രചിച്ച 'അശ്വാരൂഢൻ' എന്ന ഗ്രീക്ക് ഇതിഹാസ നോവലിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡോ.പി.വി.കൃഷ്ണൻനായർ അദ്ധ്യക്ഷനായി.
ഡോ.കെ.ആർ.ടോണി ആദ്യ കോപ്പി ഏറ്റുവാങ്ങി. ഭാരത് സേവക് സമാജ് പുരസ്കാരം നേടിയ മാദ്ധ്യമപ്രവർത്തകൻ ഫ്രാങ്കോ ലൂയിസിനെ ആദരിച്ചു. ഡോ.പ്രഭകരൻ പഴശ്ശി, സഹൃദയ സദസ് ചെയർമാൻ സി.ആർ.രാജൻ, അഡ്വ.എ.ഡി.ബെന്നി, ഡേവിസ് കണ്ണനായ്ക്കൽ, ജോയ് എം.മണ്ണൂർ. ഡോ.ഇഗ്നേഷ്യസ് ആന്റണി, ഡേവിസ് കണ്ണമ്പുഴ, പി.എം.എം.ഷെരീഫ്, എം.പീതാംബരൻ, സുഷിത് ശിവദേവ് എന്നിവർ പ്രസംഗിച്ചു.
നീറ്റ് പരീക്ഷയെഴുതിയത് പതിനായിരത്തിലേറെ പേർ
തൃശൂർ: രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലേയ്ക്കുള്ള മെഡിക്കൽ യു.ജി പ്രവേശന പരീക്ഷ ജില്ലയിലെഴുതിയത് പതിനായിരത്തിലേറെപ്പേർ. വിവിധ സി.ബി.എസ്.ഇ സ്കൂളുകളിലും കോളേജുകളിലും പരീക്ഷ നടന്നു. ആകെ 20 സെന്ററുകളാണുണ്ടായിരുന്നത്. സെന്ററുകൾ തിരഞ്ഞെടുത്തിരുന്നത് 11,000ലേറെ പേരാണ്. ഉച്ചയ്ക്ക് രണ്ടിനാരംഭിച്ച പരീക്ഷ വൈകീട്ട് 5.20നാണ് പൂർത്തിയായത്.