മറ്റത്തൂർ: കോടശ്ശേരി മലയുടെ താഴ്‌വാരത്തിലെ വിശാലമായ കുഞ്ഞാലിപ്പാറയിൽ നടത്തിയ മഴവരയിൽ പ്രകൃതിയെ ആസ്വദിച്ച് കാൻവാസിൽ പകർത്താൻ കലാകാരന്മാർ ഒത്തുകൂടി. ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള രചന കലാകാര കൂട്ടായ്മയിലെ ഇരുപതോളം കലാകാരന്മാരാണ് ജലച്ചായം, എണ്ണച്ചായം, ആക്രിലിക്, ചാർക്കോൾ, പെൻസിൽ, പെൻ മാദ്ധ്യമങ്ങളിൽ വ്യത്യസ്തങ്ങളായ ചിത്രങ്ങൾ രചിച്ചത്. ഇന്നലെ കനത്ത മഴ പെയ്‌തെങ്കിലും ഇടവേളയ്ക്ക് ശേഷം വീണ്ടും ചിത്രങ്ങൾ പൂർത്തിയാക്കിയാണ് ക്യാമ്പ് സമാപിച്ചത്. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ബി. അശ്വതി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രചന ചിത്രകാര കൂട്ടായ്മ സെക്രട്ടറി ശ്രീനിവാസൻ പുത്തൻവേലിക്കര അദ്ധ്യക്ഷത വഹിച്ചു. കലാകാരൻമാർക്ക് പിന്തുണയും പ്രോത്സാഹനങ്ങളുമായി സാമൂഹിക, സാംസ്‌കാരിക പ്രവർത്തകരും സംഘടനകളും ക്യാമ്പിലെത്തി. സിനി രാജു കൊമ്പിടിഞ്ഞാമാക്കൽ, അയ്യപ്പൻ കാട്ടൂർ, വിനോദ് കൊമ്പൊടിഞ്ഞാമാക്കൽ, സുരേന്ദ്രൻ മാപ്രാണം, ഉമ ഇരിങ്ങാലക്കുട, വിജയൻ മാരേക്കാട്, സുഗതൻ പുത്തൻചിറ, ഹരിദാസ് കാക്കതുരുത്തി, ഐ.ആർ. രാജൻ എന്നിവർ നേതൃത്വം നൽകി.