1

തൃശൂർ: ജി.എസ്.ടി നികുതി പരിഷ്‌കരണശേഷം നിത്യോപയോഗ സാധനങ്ങളുടെ വില ഉയർപ്പോൾ ഞെരുങ്ങുന്നത് സാധാരണക്കാരന്റെ കുടുംബബഡ്ജറ്റും ചെറുകിട വ്യാപാരികളും തൊഴിലാളികളും. പലവ്യഞ്ജനങ്ങൾക്കും പാൽ ഉത്പന്നങ്ങൾക്കും വില കൂടുമ്പോൾ സാധാരണക്കാർ നട്ടംതിരിയും.

കഴിഞ്ഞമാസം മുതൽ മഴ ശക്തമായതോടെ ദിവസക്കൂലിക്കാരും തൊഴിലുറപ്പുതൊഴിലാളികളും അടക്കമുള്ളവർ വരുമാനമില്ലാതെ ഞെരുക്കത്തിലാണ്. മത്സ്യക്ഷാമം രൂക്ഷമായതോടെ വറുതിയിലാണ് തീരദേശവും. ചെറുകിട കച്ചവടക്കാരെ മുഴുവൻ നികുതി വലയിലേക്ക് കൊണ്ടുവരുന്നുവെന്നതാണ് വ്യാപാരികളുടെ ആശങ്ക.

ചെറുകിട വ്യാപാരികൾക്ക് ജി.എസ്.ടിയിലെ ഇളവ് ആശ്വാസമായിരുന്നു. ബ്രാൻഡഡ് ഉത്പന്നങ്ങളേക്കാൾ കുറഞ്ഞവിലയ്ക്ക് ഉത്പന്നങ്ങൾ വിൽക്കാൻ ഇതുവരെ കഴിഞ്ഞിരുന്നു. എന്നാൽ, നിരക്കുവർദ്ധനയോടെ വിലകൂട്ടാതിരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

ജി.എസ്.ടി നിലവിൽ വന്ന 2017 മുതൽ ഭക്ഷ്യോത്പന്നങ്ങളെ നികുതിയിൽ നിന്നും ഒഴിവാക്കിയിരുന്നു. ജി.എസ്.ടി നിയമം നിലവിൽ വന്നപ്പോൾ പായ്ക്ക് ചെയ്ത് വിൽക്കപ്പെടുന്നവയ്ക്ക് മാത്രമാണ് അഞ്ച് ശതമാനം നികുതിയുണ്ടായിരുന്നത്. എന്നാൽ മുൻകൂട്ടി പായ്ക്ക് ചെയ്ത് വിൽക്കപ്പെടുന്ന എല്ലാ ഭക്ഷ്യോത്പന്നങ്ങൾക്കും പുതിയ പരിഷ്കരണത്തോടെ നികുതി നൽകേണ്ടിവരും.

വിദഗ്ദ്ധരായ തൊഴിലാളികളുടെ ക്ഷാമവും പാചകവാതക വില അനിയന്ത്രിതമായി കൂടുകയും ചെയ്യുന്നതിനിടെ, ജി.എസ്.ടി നികുതി പരിഷ്‌ക്കരണം ഹോട്ടൽ മേഖലയെയും പ്രതിസന്ധിയിലാക്കും. ഇത് ഭക്ഷണവില കൂട്ടാനും വഴിയൊരുക്കും.

കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലാതായതോടെ ദൈനംദിനം ചെറുകിട ഹോട്ടലുകളെ ഭക്ഷണത്തിന് ആശ്രയിക്കുന്നവർ കൂടിയിട്ടുണ്ട്. ഭക്ഷണവില കൂട്ടിയാൽ സാധാരണക്കാർക്ക് ഇത് അധികഭാരമാകും. സംസ്ഥാനത്തെ ഹോട്ടലുകളിൽ ജോലി ചെയ്യുന്നവരിൽ 80 ശതമാനവും അന്യസംസ്ഥാന തൊഴിലാളികളാണ്. അന്യസംസ്ഥാനക്കാരെയും കിട്ടാതായാൽ ഹാേട്ടലുകൾ ഇല്ലാതാകും. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ കൂടുകയും ചെയ്യും.

ഭക്ഷണവില കൂട്ടേണ്ടി വരും

അരി, ഗോതമ്പ്, പയർ വർഗങ്ങൾ തുടങ്ങിയ നിത്യോപയോഗ ഭക്ഷ്യസാധനങ്ങളിലെ ജി.എസ്.ടിയിലൂടെ അധിക വരുമാനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്ന ഭാരം ഹോട്ടൽ വ്യാപാര മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കും. ഈ സാഹചര്യത്തിൽ ക്ഷണത്തിന് വില വർദ്ധിപ്പിക്കേണ്ടി വരും. സർക്കാർ ആനുകൂല്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന ഹോട്ടൽ വ്യാപാര മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുന്നതിനാൽ കേന്ദ്ര സർക്കാർ തീരുമാനം പുനഃപരിശോധിക്കണം.

- സി. ബിജുലാൽ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.