വരന്തരപ്പിള്ളി: ജനവാസ മേഖലയിലെ കൃഷിയും ഫലവൃക്ഷങ്ങളും നശിപ്പിക്കുന്ന ആനകളെ കാടുകയറ്റാൻ പകൽ മുഴുവൻ വനപാലകർ നടത്തിയ ശ്രമം വിഫലം. കുട്ടൻചിറ തേക്കുതോട്ടത്തിൽ ദിവസങ്ങളായി തമ്പടിച്ച രണ്ട് കരിവീരന്മാരെ കാട്ടിലേക്ക് കയറ്റാനായിരുന്നു വനപാലകർ ശ്രമിച്ചത്.
മലയോര കർഷക സമിതി പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനുപേർ ശ്രമത്തിൽ പങ്കാളികളായി. പടക്കവും, പന്തവുമൊക്കെയായി പാലപ്പിള്ളി, വെള്ളിക്കുളങ്ങര റേഞ്ചിലെ വനപാലകരാണ് വനത്തിൽ കയറിയത്. നാട്ടുകാരെ വ്യത്യസ്ത ടീമുകളാക്കി തിരിച്ച് വനാതിർത്തിയിൽ കാവൽ നിറുത്തി.
കുട്ടൻചിറ തേക്കുതോട്ടത്തിലൂടെ നടാംപാടം വരെ ആനകൾ പോയെങ്കിലും തിരികെ കുട്ടൻചിറയിൽ തന്നെ എത്തിയതോടെ ഇന്നലെ പകൽ നടത്തിയ ശ്രമം അവസാനിപ്പിച്ചു.
ആനകളെ ഉൾക്കാട്ടിൽ എത്തിക്കാനുള്ള ശ്രമം രാത്രിയിലും തുടരും. നാട്ടുകാരും നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്.
- പ്രേം ഷമീർ, പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ.
വനവിസ്തൃതി കുറയുന്നു, എവിടെപ്പോകും സഹ്യന്റെ മക്കൾ
ഒരു നൂറ്റാണ്ട് മുമ്പ് കൊടുംവനമായിരുന്ന ആയിരക്കണക്കിന് ഏക്കർ ഭൂമിയിലെ മരങ്ങൾ വെട്ടി റബ്ബർക്കൃഷിക്ക് തുടക്കമിട്ടു. സമീപമുള്ള ആയിരക്കണക്കിന് ഹെക്ടർ പ്രദേശത്തെ സ്വാഭാവിക വനം കൂടി വനംവകുപ്പ് തേക്കുതോട്ടമാക്കി മാറ്റി. കുറെയേറെ സ്ഥലങ്ങളിൽ മാഞ്ചിയം അക്വേഷ്യ പോലുള്ള മരങ്ങളും നട്ടു. ചിമ്മിനി ഡാം നിർമാണത്തോടെ നൂറുകണക്കിന് ചതുരശ്ര കിലോമീറ്റർ സ്ഥലം ജലസംഭരണിയായും മാറി.
വനവിസ്തൃതി കുറയുന്നതിനെ തുടർന്ന് വന്യമൃഗങ്ങൾക്കുള്ള തീറ്റ കുറഞ്ഞു. ആന ഉൾപ്പെടെയുള്ള മൃഗങ്ങൾ കാടു വെട്ടിത്തെളിച്ച ഇടങ്ങളിലേക്ക് എത്താൻ തുടങ്ങി. നിത്യേന കിലോമീറ്ററുകൾ സഞ്ചരിക്കാറുള്ള ആനക്കൂട്ടങ്ങൾ ഭക്ഷണം തേടി ജനവാസമേഖലയിൽ എത്തുന്നതോടെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളെല്ലാം നശിപ്പിക്കാൻ തുടങ്ങി.
അടിക്കാടും വിനയായി
പാലപ്പിള്ളി മേഖലയിൽ ആനആക്രമണവും കൃഷിനശിപ്പിക്കലും വർദ്ധിച്ചത് മൂന്ന് വർഷം മുമ്പാണ്. ചിമ്മിനി ഡാം റോഡിനോട് ചേർന്ന വലിയകുളത്ത് റബ്ബർ നടാൻ ഹാരിസൺ മലയാളം കമ്പനി വർഷങ്ങളായി ഭൂമി തരിശിട്ടതോടെ അടിക്കാട് വളർന്നു. ഇതോടെ ആനത്താരകൾ വഴി പുഴയിലെത്തി വെള്ളം കുടിച്ചും നീരാടിയും മടങ്ങിയിരുന്ന ആനകൾ ഇവിടെ തമ്പടിക്കാൻ തുടങ്ങി. ഏതാനും ആനകൾ ഇവിടെ പ്രസവിക്കുക കൂടി ചെയ്തതോടെ ഡസൺ കണക്കിന് ആനകൾ റോഡുവക്കിൽ അലഞ്ഞുതിരിയാൻ തുടങ്ങി. സെൽഫിയെടുക്കാൻ ഉൾപ്പെടെ ദൂരദിക്കിൽ നിന്നുപോലും സഞ്ചാരികളും ഇവിടേക്ക് എത്തുന്നുണ്ട്. ആനകളെ ചിലർ പ്രകോപിപ്പിക്കുന്ന സംഭവങ്ങളും അരങ്ങേറുന്നുണ്ട്.