തൃശൂർ: നഗരത്തിലെ മുഴുവൻ സ്‌കൂളുകളിലേയും തിരഞ്ഞെടുത്ത കുട്ടികളെ പങ്കെടുപ്പിച്ച് കോർപറേഷൻ കുട്ടികളുടെ പാർലമെന്റ് സംഘടിപ്പിച്ചു. തൃശൂർ കോർപറേഷനും കിലയും സ്‌കൂൾ ഒഫ് ആർക്കിടെക്ച്ചർ ആൻഡ് പ്ലാനിംഗ് ഗവ. എൻജിനിയറിംഗ് കോളേജ് തൃശൂരും സംയുക്തമായാണ് കുട്ടികളുടെ പാർലമെന്റ് നടത്തിയത്. 24 സ്‌കൂളുകളിൽ നിന്നായി 90 കുട്ടികൾ കുട്ടികളുടെ പാർലമെന്റിൽ പങ്കെടുത്തു. വി.ജി.വി.എച്ച്.എസ്.എസിലെ മാളവികയെ സ്പീക്കർ ആയി തിരഞ്ഞെടുത്തു. എല്ലാ സ്‌കൂളുകളിൽ നിന്നും ഒരു കുട്ടിയെ വീതം അംഗമായി തിരഞ്ഞെടുത്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി അദ്ധ്യക്ഷത വഹിച്ചു. കോർപറേഷൻ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.എ. ഗോപകുമാർ, ഷീബ ബാബു, സാറാമ്മ റോബ്‌സൺ, കൗൺസിലർമാരായ രാജൻ ജെ. പല്ലൻ, എ.ആർ. രാഹുൽനാഥ്, കോർപറേഷൻ സെക്രട്ടറി ആർ. രാഹേഷ്‌കുമാർ, പി.എ. ടു മേയർ ടോബി തോമസ്, കില ഫാക്കൽറ്റികളായ ഡോ. അജിത്ത് കാളിയത്ത്, ഡോ. രാജേഷ്, രേഷ്മ, ആഗിൽ, കുമരത്തി സിൻഹ, വരുൺ, ജഗദീശ്വർ എന്നിവർ കുട്ടികളുടെ പാർലമെന്റ് നടത്തുന്നതിന് നേതൃത്വം നൽകി.
ശിശു സൗഹൃദ നഗരമാക്കുക ലക്ഷ്യം
യുനെസ്‌കോയുടെ പഠന നഗര പദ്ധതിയിലേയ്ക്ക് കേന്ദ്ര സർക്കാർ നിർദ്ദേശിച്ച നഗരങ്ങളിൽ ഒന്നാണ് തൃശൂർ. ഗ്ലോബൽ ഡിസൈനിംഗ് സിറ്റീസ് ഇനീഷ്യേറ്റീവ് തിരഞ്ഞെടുത്ത ലോകത്തെ 20 നഗരങ്ങളിലും തൃശൂർ ഉൾപ്പെട്ടിരുന്നു. ഈ വിഭാഗത്തിൽ ഏഷ്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക നഗരമാണ് തൃശൂർ. പദ്ധതികളുടെ ഭാഗമായി ശിശുസൗഹൃദ നഗരമാക്കി തൃശൂരിനെ മാറ്റുന്നതിന് കുട്ടികളുടെ നിർദ്ദേശങ്ങൾ ക്രോഡീകരിക്കുന്നതിനാണ് കുട്ടികളുടെ പാർലമെന്റ് സംഘടിപ്പിച്ചത്.