കല്ലൂർ: വെള്ളാനിക്കോട് മറ്റത്തിക്കുന്ന് ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച സംഭവത്തിൽ ജനങ്ങൾക്കുള്ള ഭീതിയും ആശങ്കയും അകറ്റാൻ അധികാരികൾ മുൻകൈയ്യെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. ജനപ്രതിനിധി സംഘത്തോടൊപ്പം കാട്ടാന ഇറങ്ങിയ മേഖല സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് ഈ മേഖലയിൽ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അടുത്ത മേഖലയിലായി നാല് തവണയായി കാട്ടാനയുടെ അക്രമണമുണ്ടാകുന്നത്. ജനവാസ മേഖലയ്ക്ക് അരികെ ട്രഞ്ച് കുഴിക്കുക മാത്രമാണ് കാട്ടാനയുടെ വരവിനെ ചെറുക്കാനുള്ള ഏക മാർഗം. അതിന് വനംവകുപ്പ് അധികൃതർ മുൻകൈയ്യെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ നമ്പാടൻ, വൈസ് പ്രസിഡന്റ്് ഹേമലത സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോൾസൺ തെക്കുംപീടിക, മിനി ഡെന്നി, പഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി സ്‌കറിയ, മോഹനൻ തൊഴുക്കാട്ട്, സലീഷ് ചെമ്പാറ, അജീഷ് മുരിയാടാൻ, കെ.ടി. ടോമി, കെ.പി. ജോസ് എന്നിവരുൾപ്പെടുന്ന ജനപ്രതിനിധി സംഘം സംഭവസ്ഥലം സന്ദർശിച്ചു.