1

തൃശൂർ: സംസ്ഥാനത്തെ പത്ത് കേന്ദ്രങ്ങളിൽ കേരള സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന ഏകപാത്ര നാടകോത്സവത്തിന്റെ ഭാഗമായി തൃശൂരിൽ നടത്തുന്ന ഏകപാത്ര നാടകോത്സവത്തിന് തുടക്കം. അക്കാഡമി കെ.ടി. മുഹമ്മദ് സ്മാരക തിയറ്ററിൽ ആരംഭിച്ച ഏകപാത്ര നാടകോത്സവം സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. അഞ്ചുദിനങ്ങളിലായി നടക്കുന്ന ഏകപാത്രനാടകോത്സവത്തിൽ പത്ത് നാടകങ്ങൾ അരങ്ങേറും. ഓരോ ദിവസവും രണ്ട് വ്യത്യസ്തമായ നാടകങ്ങളുടെ അവതരണമുണ്ടാകും. ഉദ്ഘാടനച്ചടങ്ങിൽ അക്കാഡമി വൈസ്‌ ചെയർമാൻ സേവ്യർ പുൽപ്പാട്ട് അദ്ധ്യക്ഷനായി. നിർവാഹക സമിതി അംഗങ്ങളായ വിദ്യാധരൻ മാസ്റ്റർ, കലാമണ്ഡലം ശിവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. നിർവാഹക സമിതി അംഗം അഡ്വ. വി.ഡി. പ്രേമപ്രസാദ് സ്വാഗതവും അക്കാഡമി പ്രോഗ്രാം ഓഫീസർ വി.കെ. അനിൽ കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് സജിത്ത് ആലുക്കൽ അവതരിപ്പിച്ച ഉണ്ണിയപ്പം എന്ന ഏകപാത്രനാടകവും കരുണാകരൻ കെ.സി. അവതരിപ്പിച്ച അച്ഛൻ എന്ന അച്ചുതണ്ട് എന്ന ഏകപാത്രനാടകവും അരങ്ങേറി.