ചാലക്കുടി: പറമ്പിക്കുളം ഡാമിൽ ക്രമാതീതമായി വെള്ളം ഉയർന്നെങ്കിലും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് റവന്യൂ വകുപ്പിന്റെ നിഗമനം. ചാലക്കുടിപ്പുഴയിൽ കാര്യമായി വെള്ളമില്ലാത്തതാണ് അധികൃതർക്ക് ആശ്വാസം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്യാതിരുന്നതും അനുഗ്രഹമായി. പദ്ധതി പ്രദേശത്തും നാട്ടിലും കനത്ത മഴ തുടർന്നാൽ മാത്രമെ തത്ക്കാലം ആശങ്കയ്ക്ക് അടിസ്ഥാനമുള്ളു. പറമ്പിക്കുളം ഡാം തുറന്നെന്ന് സ്ഥിരീകരിക്കാത്ത വാർത്ത വന്നിരുന്നു. ഷട്ടർ ഉയർത്തുന്നതിനിടെ ചെയിൻ തകരാറായതിനാൽ ഇന്നലെ വൈകിട്ട് ആറ് വരേയും ഇവിടെ ഷട്ടർ തുറക്കാനായില്ല. വെള്ളം വിട്ടാലും ഇപ്പോഴത്തെ സഹചര്യത്തിൽ പുഴയ്ക്ക് അതിനെ ഉൾക്കൊള്ളാനാകും. ചാലക്കുടിപ്പുഴയിൽ കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് ജലവിതാനം 2.1 മീറ്റർ മാത്രമാണ്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നു മീറ്റർ വരെയെത്തിയെങ്കിലും പിന്നീട് കുറയുകയായിരുന്നു. പുഴയിലെ മുന്നറിയിപ്പ് അളവ് 7.1 മീറ്ററാണ്. ഷോളയാർ ഡാമിൽ ഇപ്പോൾ 60 ശതമാനമാണ് ജലനിരപ്പ്. ഇതു നിറയണമെങ്കിൽ തുടർച്ചയായി ദിവസങ്ങളോളം മഴ പെയ്യണം.