കൊടുങ്ങല്ലൂർ: വടക്കെപൂപ്പത്തിയിൽ നിന്നും 20 കുപ്പി വ്യാജ മദ്യവുമായി ഒരാൾ അറസ്റ്റിൽ. പൊയ്യ പൂപ്പത്തി ചുണ്ടക്കപ്പറമ്പിൽ വീട്ടിൽ രാഘവൻ മകൻ ശ്രീനിവാസൻ (64) എന്നയാളെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷാംനാഥും സംഘവും അറസ്റ്റ് ചെയ്തത്.

തീരദേശ മേഖലയിൽ അനധികൃത വ്യാജമദ്യം വ്യാപകമായി വിറ്റഴിക്കുന്നുവെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ എക്‌സൈസ് ഷാഡോ ടീം ഓപ്പറേഷൻ ബ്ലാക്ക് എന്ന പേരിൽ നിരീക്ഷണം നടത്തി വരികയായിരുന്നു. ഡ്രൈഡേ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും വ്യാപകമായി മദ്യം വിറ്റഴിക്കുന്നുവെന്ന വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്.

അനധികൃത വ്യാജ സ്പിരിറ്റിൽ കളർ കലർത്തി വേണ്ടത്ര രസപരിശോധനകൾ ഒന്നുമില്ലാതെയാണ് വ്യാജമദ്യം നിർമ്മിക്കുന്നത്. ഈ മദ്യം ഉപയോഗിച്ചാൽ കാഴ്ച നഷ്ടപ്പെടുകയോ മറ്റു വിപത്തുകൾ ഉണ്ടാകുകയോ ചെയ്യാമെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം. ശിവകാശിയിൽ നിന്നോ കോയമ്പത്തൂർ നിന്നോ കെ.എസ്.ഇ.സിയുടെ വ്യാജ ഹോളോഗ്രാം സ്റ്റിക്കറും മദ്യത്തിന്റെ വ്യാജ ലേബലും നിർമ്മിച്ചാണ് മദ്യ കുപ്പിയിൽ പതിക്കുന്നത്.