മലക്കപ്പാറ: ആനക്കയത്ത് കാട്ടാനയുടെ മുന്നിൽ അകപ്പെട്ട ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അന്നമനട ചെമ്മാശേരി തോമസിന്റെ മകൻ ഡാറ്റ്സൺ (43) ആണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് മലക്കപ്പാറയിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ആനക്കയത്തെ വളവിൽ വലിയൊരു കൊമ്പന്റെ മുന്നിൽ അകപ്പെടുകയായിരുന്നു. ഭയന്നു വിറച്ച ഡാറ്റ്സന്റെ അരികിലേക്ക് ആന നടന്നുവന്നു. രക്ഷപ്പെടാൻ തെല്ലും പഴുതില്ലായ യുവാവ് ശബ്ദം ഇല്ലാതാക്കുന്നതിന് വണ്ടി ഓഫ് ചെയ്തു. തൊട്ടടുത്തെത്തിയ ആന ബുള്ളറ്റിന്റെ ചക്രത്തിൽ കൊമ്പുകൊണ്ട് തട്ടി. പിന്നീട് തലകുലുക്കി ചിന്നം വിളിച്ചു. ഏതാനും നിമിഷങ്ങൾക്ക് ശേഷം കൊമ്പൻ കാട്ടിലേക്ക് കയറുകയും ചെയ്തു. ഇയാളുടെ പിന്നിൽ ദൂരെയുണ്ടായിരുന്ന മറ്റു യാത്രക്കാർ സംഭവത്തിന്റെ ദൃശ്യം പകർത്തി. മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളാണ് കഴിഞ്ഞു പോയതെന്ന് ഡാറ്റ്സൺ പറഞ്ഞു. അന്നമനട സ്വദേശി ഷെജിൽ മേത്തർ മലക്കപ്പാറയിൽ ആരംഭിക്കുന്ന ഹോട്ടലിന്റെ ടൈൽ ജോലിക്കാണ് ഡാറ്റ്സൺ എത്തിയത്. ജോലി കഴിഞ്ഞ് ചാലക്കുടിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.