sekharan

തൃശൂർ/എരുമപ്പെട്ടി: വേലൂരിന്റ കലാ സംസ്‌കാരിക രംഗത്തിന് പുത്തനുണർവ് നൽകിയ ശേഖരൻ അത്താണിക്കൽ (72) വിടവാങ്ങി. വേലൂരിന്റെ തനതായ നാടക സങ്കൽപ്പത്തിന് തുടക്കമിട്ടവരിൽ പ്രധാനിയായിരുന്നു.

നാടക രചയിതാവ്, സംവിധായകൻ, അഭിനേതാവ്, സംഘാടകൻ എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു.

നാഗശിൽപ്പങ്ങൾ എന്ന നാടകത്തിന് 1971ലെ സംഗീത നാടക അക്കാഡമിയുടെ മികച്ച രചനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച നഗ്‌നശിൽപ്പം, കള്ളക്കോലങ്ങൾ, പ്രവാചകരെ കല്ലെറിയുന്നവൾ, വിദ്യാഭ്യാസ കോടതി എന്ന നാടക കോടതി തുടങ്ങിയ നടകങ്ങൾ ആസ്വാദക പ്രശംസ നേടി. സി.പി.ഐ (എം.എൽ) ജില്ലാ കമ്മിറ്റി അംഗമാണ്. വേലൂരിൽ സ്ഥാപിച്ച ബോധി പാരലൽ കോളേജ് ഒരേസമയം സാംസ്കാരിക കേന്ദ്രംകൂടിയായിരുന്നു. ജനകീയ സാംസ്‌കാരിക വേദിയുടെ തുടർച്ചയായി 1989 ൽ രൂപീകരിക്കപ്പെട്ട ജനകീയ കലാസാഹിത്യ വേദിയുടെ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ കമ്മിറ്റി പ്രസിഡന്റുമായിരുന്നു. ഭാര്യ: വത്സ. മക്കൾ: സന്യാൽ, സന്താൾ.