വാടാനപ്പിള്ളി : ചേറ്റുവ ഹാർബറിൽ വള്ളം മുങ്ങി കടലിലകപ്പെട്ട നാലു തൊഴിലാളികളെ രക്ഷപ്പെടുത്തി. നാട്ടിക സ്വദേശി വടക്കൻ രവിയുടെ ഉടമസ്ഥതയിലുള്ള വിഷ്ണുമായ ഫൈബർ വഞ്ചിയാണ് മുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന നാല് തൊഴിലാളികളെയും പിറകിലുണ്ടായിരുന്ന മറ്റൊരു വള്ളത്തിലെ തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.
എന്നാൽ മുങ്ങിയ വള്ളവും വലയും എൻജിനും നഷ്ടപ്പെട്ടു. ഉണ്യേരംപുരക്കൽ ബിജു (42), ചക്കൻ സുബ്രഹ്മണ്യൻ (60), ഗിരി (40), വടക്കൻ അശോകൻ(70) എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരെ ഏങ്ങണ്ടിയൂരിലെ സ്വകാര്യാശുപത്രിയിൽ ശ്രുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. കടലിൽ പോയി മത്സ്യം ലഭിക്കാതെ തിരിച്ചുവരികയായിരുന്ന വള്ളമാണ് അപകടത്തിൽ പെട്ടത്. കരയോടടുത്തപ്പോഴായിരുന്നു അപകടം.
തിരയേറ്റത്തിൽ വള്ളം മറിയുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. ഹാർബറിൽ അടുക്കാനായി പിറകിൽ വരികയായിരുന്ന വലിയ വെള്ളത്തിലെ തൊഴിലാളികൾ നടത്തിയ രക്ഷാ പ്രവർത്തനമാണ് നാലു പേരുടെയും ജീവൻ രക്ഷിച്ചത്. നാലു ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഉടമ പറഞ്ഞു. അപകടത്തിൽപെട്ട തൊഴിലാളികളെ റവന്യൂ ഉദ്യോഗസ്ഥരും ധീവരസഭാ നേതാക്കളും സന്ദർശിച്ചു.