കൊടുങ്ങല്ലൂർ : തിരക്കേറിയ സമയത്ത് കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് ജീവനക്കാരിക്ക് ഊരാക്കുടുക്കായി. രക്ഷാപ്രവർത്തനത്തിന് ചാടിയിറങ്ങിയ ഫയർഫോഴ്‌സ് സംഘത്തിന് കൊടുങ്ങല്ലൂർ കോടതിക്കരികിലെ അനധികൃത പാർക്കിംഗ് മറ്റൊരു കുരുക്കായി. ഫയർ എൻജിന് കടന്നുപോരാൻ കഴിയാതെ സേനാ വിഭാഗം പ്രയാസപ്പെട്ടു.
സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഇറിഗേഷൻ വകുപ്പിലെ ഓവർസിയറായ പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി പ്രിൻസയാണ് ചൊവ്വാഴ്ച രാവിലെ പത്തോടെ 15 മിനിറ്റോളം സമയം ലിഫ്റ്റിൽ കുടുങ്ങിയത്. മൂന്നാം നിലയിലുള്ള ഓഫീസിലേക്ക് പോകാനായി ലിഫ്റ്റിൽ കയറിയതായിരുന്നു ഇവർ. എന്നാൽ പാതിവഴിയിൽ ലിഫ്റ്റ് പ്രവർത്തനം നിലച്ചു. ഇതേത്തുടർന്ന് സഹപ്രവർത്തകരെ ഫോണിൽ വിവരമറിയിച്ചു. ഇവരാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. ഫയർഫോഴ്സ് കുരുങ്ങിയതോടെ,
തഹസിൽദാർ ഇൻ ചാർജ്ജ് രമേഷ്, ഡ്രൈവർ ഷെഫിർ തുടങ്ങിയവർ ചേർന്ന് ലിഫ്റ്റ് ഒരു വിധം ഉയർത്തി പ്രിൻസയെ പുറത്തെത്തിച്ചു. കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് നിലയ്ക്കുന്ന സംഭവം ആവർത്തിക്കപ്പെടുകയാണ്. സമാനമായ സംഭവം കഴിഞ്ഞ നവംബർ മാസം നടന്നിരുന്നു. അന്ന് ഇടയ്ക്ക് നിലച്ചതിനെ തുടർന്ന് ചെറുകിട ജലസേചന വകുപ്പിലെ സ്വീപ്പർ പിംഗള ലിഫ്റ്റിൽ അകപ്പെട്ടു. ഒരു മണിക്കൂറിലധികം കുടുങ്ങിയ ഇവരെ ഫയർഫോഴ്‌സെത്തിയാണ് അന്ന് രക്ഷപ്പെടുത്തിയത്.
മിനി സിവിൽസ്റ്റേഷനിൽ പ്രശ്നങ്ങൾ തുടർക്കഥ
ലിഫ്റ്റിൽ കുടുങ്ങുന്നത് രണ്ടാം തവണ
പ്രവർത്തിക്കുന്നത് നഗരസഭ അംഗീകാരമില്ലാതെ
സിവിൽ സ്റ്റേഷനിൽ 200ൽ അധികം ജീവനക്കാരും വിവിധ സർക്കാർ ഓഫീസുകളും
ജീവനക്കാരിൽ ബഹുഭൂരിപക്ഷവും സ്ത്രീ ജീവനക്കാർ
വെള്ളം ഇല്ലായ്മയും മാലിന്യ പ്രശ്‌നങ്ങളും തുടർക്കഥ
കോടതി വളവിൽ പാർക്കിംഗ് കുരുക്ക്
കൊടുങ്ങല്ലൂർ : ദേശീയപാത 66ലെ കോടതി വളവിലെ അനധികൃത പാർക്കിംഗ് വാഹനയാത്രയ്ക്ക് തടസമുണ്ടാക്കുന്നു. കോടതിയുടെ തെക്ക് വശത്തു കൂടി കടന്നുപോകുന്ന ദേശീയ പാതയോരത്താണ് പാർക്കിംഗ് നിരോധനം ലംഘിച്ച് അനധികൃത പാർക്കിംഗ്. റോഡിൽ തിരക്കേറിയ സമയത്ത് മറ്റ് വാഹനങ്ങൾക്ക് തടസമുണ്ടാകുന്ന തരത്തിൽ വാഹനങ്ങൾ കൊണ്ടിടുകയാണ്. നേരത്തെ ഇവിടെ നോ പാർക്കിംഗ് മുന്നറിയിപ്പ് സ്ഥാപിച്ചിരുന്നു. ഈ മുന്നറിയിപ്പ് മായ്ച്ചുകളയുകയോ മാഞ്ഞുപോവുകയോ ചെയ്തു. ചൊവ്വാഴ്ച രാവിലെ സിവിൽ സ്റ്റേഷനിൽ ലിഫ്റ്റിൽ കുടുങ്ങിയ ജീവനക്കാരിയെ രക്ഷപ്പെടുത്താനായി ഇതുവഴി വന്ന ഫയർഫോഴ്സ് സംഘം അനധികൃത പാർക്കിംഗിനിടയിൽ അകപ്പെട്ടു കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായി. അടിയന്തര ഘട്ടങ്ങളിൽ വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യം പോലുമില്ലാതെയാണ് പാർക്കിംഗ്. രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.