ചാലക്കുടി: പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂയിസ് വാൾവ് തുറന്നെങ്കിലും അതിന്റെ ദോഷങ്ങൾ പ്രകടിപ്പിക്കാതെ ചാലക്കുടിപ്പുഴ. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു ഒരു എമർജൻസി ഷട്ടറർ തുറന്നത്. ജലനിരപ്പ് 421.1 അടിയിലെത്തിയ സാഹചര്യത്തിൽ തുറന്ന ഷട്ടർ രാത്രിയോടെ അടയ്ക്കുകയും ചെയ്യും. പദ്ധതി പ്രദേശത്തും നാട്ടിലും മഴ പൂർണമായും വിട്ടുനിന്നതാണ് ജനങ്ങൾക്ക് അനുഗ്രഹമായത്. എല്ലായിടത്തും ചൊവ്വാഴ്ച കനത്ത വെയിൽ അനുഭവപ്പെട്ടു. ഡാമിൽ നിന്നും കൂടുതൽ വെള്ളമെത്തിയതിനാൽ പുഴയിലെ ജലനിരപ്പ് അൽപ്പം കൂടിയിട്ടുണ്ട്. ആറങ്ങാലി കടവിലെ കേന്ദ്ര ജല കമ്മീഷന്റെ യന്ത്രത്തിൽ പുഴയിലെ ജലവിതാനം ഉയർന്ന് 2.6 മീറ്ററായി രേഖപ്പെടുത്തി. വെള്ളം 419 മീറ്ററായി കുറയുന്ന മുറയ്ക്കായിരിക്കും പെരിങ്ങൽക്കുത്ത് ഡാമിലെ എമർജൻസി ഷട്ടറിന്റെ അടയ്്ക്കൽ. പരമാവധി വെള്ളം സംഭരിക്കലിന്റെ അളവ് 419. 4 മീറ്ററാക്കി നിജപ്പെടുത്തുന്നതിന് വൈദ്യുതി മന്ത്രിയുടെ ആവശ്യപ്രകാരം ജില്ലാ കളക്ടറുടെ നിർദ്ദേശം വന്നിട്ടുണ്ട്. ഡാമിൽ ഇത് 421 മീറ്ററാക്കി ഉയർത്തിയിരുന്നു.