ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ മൂന്നര വർഷം മുമ്പ് ഇന്നസെന്റ് എം.പി ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപയുടെ മാമോഗ്രാം യൂണിറ്റും നിലവിലുള്ള അൾട്രാസൗണ്ട് സ്‌കാനിംഗും ഉടൻ പ്രവർത്തിപ്പിക്കണം എന്നാവശ്യപ്പെട്ട് നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാർ താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. കഴിഞ്ഞ എൽ.ഡി.എഫ് കൗൺസിലിന്റെ കാലത്ത് താത്കാലിക ഡോക്ടർമാരേയും ജീവനക്കാരേയും നിയമിച്ച് പ്രവർത്തിപ്പിച്ച ഇവ ഇപ്പോഴത്തെ നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം പ്രവർത്തനം നിലച്ചിരിക്കുകയാണെന്ന് സമരക്കാർ കുറ്റപ്പെടുത്തി. മലക്കപ്പാറ ആദിവാസി കോളനിയിലേതടക്കമുള്ള നിർദ്ധന രോഗികൾക്ക് ഏറെ ആശ്വാസമായിരുന്നു താലൂക്ക് ആശുപത്രിയിലെ ഈ രണ്ട് യൂണിറ്റുകളും. ഇവയുടെ പ്രവർത്തനം നിറുത്തിവച്ചതോടെ അധിക പണം ചെലവിട്ട് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും സമരക്കാർ പറഞ്ഞു. നഗരസഭ എൽ.ഡി.എഫ് ലീഡർ സി.എസ്. സുരേഷ് ധർണ ഉദ്ഘാടനം ചെയ്തു. ബിജി സദാനന്ദൻ അദ്ധ്യക്ഷയായി. വി.ജെ. ജോജി, കെ.എസ്. സുനോജ്, ബിന്ദു ശശികുമാർ, ഷൈജ സുനിൽ, ലില്ലി ജോസ് എന്നിവർ സംസാരിച്ചു.