കോനൂർ ഓണംകളിയുടെ സംഘാടക സമിതി ഓഫീസ് കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു നിർവഹിക്കുന്നു.
കൊരട്ടി: മദ്ധ്യകേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ ഒന്നായ കോനൂർ പൗരാവലിയുടെ ഓണോത്സവ് 22 ന്റെ സംഘാടക സമതിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ആർ. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. അഖിലകേരള ഓണംകളി മത്സരം, സാസ്‌കാരിക ഘോഷയാത്ര, ഫുട്ബാൾ ഷൂട്ടൗട്ട്, വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണം, നാടൻ കലാകായിക മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ ആണ് സെപ്റ്റംബർ 18 മുതൽ 25 വരെ നടക്കുന്ന ഓണാഘോഷങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സെപ്റ്റംബർ 25ന് രാവിലെ 10 മുതൽ രാത്രി 10വരെ നടക്കുന്ന അഖില കേരള ഓണംകളി മത്സരത്തിൽ നടനകലാവേദി പൊഞ്ഞനം കാട്ടൂർ, നിസരി കലാഭവൻ നടവരമ്പ്, ഭരതം ഇരിങ്ങാലക്കുട എന്നീ ടീമുകൾ ആണ് അണിനിരക്കുന്നത്. യോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ കുമാരി ബാലൻ, മുൻ പഞ്ചായത്ത് അംഗങ്ങളായ സി.വി. ദാമോദരൻ, സിന്ധു ജയരാജ്, ഡേവിസ് പാറേക്കാടൻ, ടി.എസ്. ബിബിൻ, പി.ആർ. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.