കൊടുങ്ങല്ലൂർ: ആല കോതപറമ്പ് കോരു ആശാൻ സ്മാരക വൈദിക സംഘത്തിന്റെ ആഭിമുഖ്യത്തിൽ 22 മുതൽ 24 വര തിലകൻ തന്ത്രികളുടെ ദശമ ശ്രാദ്ധ സപര്യ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. ഒന്നാം ദിവസം രാവിലെ 5.30 ന് ഗണപതിഹോമം തുടർന്ന് വിശ്വശാന്തി ഹോമം, രാവിലെ ഒമ്പതിന് കേരളത്തിലെ പ്രധാനമഠങ്ങളിലെ സന്യാസിവര്യന്മാർ പങ്കെടുക്കുന്ന യതിപൂജ എന്നിവ നടക്കും. കൂറ്റനാട് രാവുണ്ണി പണിക്കർ ഭദ്രദീപം തെളിക്കും.

സ്വാമി ബ്രഹ്മസ്വരൂപനന്ദ ആമുഖപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12ന് ആലക്ഷേത്രാങ്കണത്തിൽ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് സർവൈശ്വര്യപൂജ സമൂഹസഹസ്ര നാമാർച്ചന എന്നിവ നടക്കും. ജ്യോതിസ് പറവൂർ മുഖ്യഭാഷണം നടത്തും.

രണ്ടാം ദിവസം രാവിലെ ഒമ്പതിന് ആരംഭിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ 30 ഡോക്ടർമാർ രോഗികളെ പരിശോധിക്കും. വൈകീട്ട് അഞ്ചിന് ഉദ്ഗീതം, തുടർന്ന് ഗുരുദേവ കൃതികളുടെ നൃത്താവിഷ്‌കാരം എന്നിയുണ്ടാകും. മൂന്നാം ദിവസം രാവിലെ ഏഴ് മുതൽ ഗുരുപൂജ ധർമ്മ ഗ്രന്ഥപാരായണം പാദുകാർച്ചന. രാവിലെ പത്തിന് ആലക്ഷേത്രാങ്കണത്തിൽ നടക്കുന്ന സമാപന സഭ വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിലകൻ തന്ത്രികളുടെ സ്മരണാർത്ഥം നൽകുന്ന പുരസ്‌കാരം ഡോ. ഗീതാ സുരാജിന് സി.കെ. നാരായണൻ കുട്ടി ശാന്തി സമർപ്പിക്കും.

തുടർന്ന് ഡോക്യുമെന്ററി പ്രകാശനവും ഉണ്ടാകും. പരിപാടി വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ സി.ബി. പ്രകാശൻ ശാന്തി, ഇ.കെ. ലാലപ്പൻ ശാന്തി, എം.എൻ. നന്ദകുമാർ, പി.കെ. ഉണ്ണിക്കൃഷ്ണൻ, എ.ബി. വിശ്വംഭരൻ, ഒ.വി. സന്തോഷ്, ലക്ഷ്മി നാരായണൻ, വി.കെ. മനോജ് എന്നിവർ പങ്കെടുത്തു.