medical

തൃശൂർ: മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി യോഗത്തിലെടുത്ത തീരുമാനം അട്ടിമറിച്ച് മിനിറ്റ്‌സ് തയ്യാറാക്കിയതിനെതിരെ ആശുപത്രി വികസന സമിതി അംഗങ്ങൾ ഒപ്പിട്ട പരാതി കളക്ടർക്ക് നൽകി. വർഷങ്ങളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന താത്കാലിക ജീവനക്കാർക്ക് 179 ദിവസം കഴിഞ്ഞാൽ ബ്രേക്കിന് ശേഷം തുടർന്ന് പ്രവർത്തിക്കാനുള്ള തീരുമാനമാണ് വികസന സമിതി കൈക്കൊണ്ടതെങ്കിലും, പിന്നീട് പൊലീസ് വെരിഫിക്കേഷന് ശേഷമേ പുനർനിയമനം, നടത്താനാകൂവെന്നാണ് മിനിറ്റ്‌സ് രേഖപ്പെടുത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിലിരുന്ന സബ്കമ്മിറ്റികൾ പുന:സ്ഥാപിക്കണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടില്ല.

പുതിയ ജീവനക്കാരെ നിയമിക്കുമ്പോൾ ആശുപത്രി വികസന സമിതി അംഗങ്ങളുൾപ്പെടുന്ന ഇന്റർവ്യൂ കമ്മിറ്റി വഴി മാത്രമേ നിയമിക്കാൻ പാടുള്ളൂവെന്ന തീരുമാനവും മാറ്റിയെഴുതി. മെഡിക്കൽ ഗ്യാസ് പ്ളാന്റിലേക്ക് രണ്ട് ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചുവെങ്കിലും ദിവസവേതനം തീരുമാനിച്ചിരുന്നില്ല. മിനിറ്റ്സിൽ ദിവസവേതനം രേഖപ്പെടുത്തി. ഇതെല്ലാം വ്യാജ തീരുമാനങ്ങളാണെന്നും റദ്ദ് ചെയ്യണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. ആശുപത്രി വികസന സമിതി അംഗങ്ങളായ രാജേന്ദ്രൻ അരങ്ങത്ത്, കെ.അജിത് കുമാർ, സി.വി.കുര്യാക്കോസ്, പി.കെ.ഷാഹുൽ ഹമീദ്, ഐ.എൻ.രാജേഷ്, ജിമ്മി ചൂണ്ടൽ, ആനി ജോസ്, പി.വി.ബിജു, തോമസ് പുത്തിരി, സി.സി.ബാബുരാജ്, വി.ജെ.ജോയ്, ശശി പുളിക്കൻ എന്നിവരാണ് കളക്ടർക്ക് നൽകിയത്.