എരുമപ്പെട്ടി: രോഗികൾക്ക് ആവശ്യമരുന്നുകൾ വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ ബി.ജെ.പി പ്രതിഷേധം. എരുമപ്പെട്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ബി.ജെ.പി എരുമപ്പെട്ടി മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി കെ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
എരുമപ്പെട്ടി, വേലൂർ, കടങ്ങോട്, വരവൂർ എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും ഹൃദ്രോഹികൾക്കുമുള്ള മരുന്നുകൾ ഒന്നും തന്നെയില്ല എന്നാണ് ആരോപണം. ദിവസവും ആയിരക്കണക്കിന് പേർ ചികിത്സ തേടുന്ന ഈ ആശുപത്രിയിൽ പാവപ്പെട്ട രോഗികൾ പലപ്പോഴും മരുന്നിനായി സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെയാണ് ആശ്രയിക്കുന്നത്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കീഴിലുള്ള ഈ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് എതിരെയുള്ള അധികൃതരുടെ അനാസ്ഥയിൽ നിരവധി പരാതികൾ ഉണ്ട്.