ഒമ്പത് വർഷം മുമ്പ് നിലച്ച ചേരൻ ബസ് സർവീസ് പുനരാരംഭിച്ചു
ചാലക്കുടി: ഒമ്പത് വർഷം മുമ്പ് നിലച്ച പൊള്ളാച്ചിയിൽ നിന്നും ചാലക്കുടിയിലേക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ ചേരൻ ബസ് സർവീസ് പുനരാരംഭിച്ചു. ദാരുണമായ അപകടവും രണ്ടാളുകളുടെ ജീവൻ നഷ്ടപ്പെടലുമെല്ലാമായിരുന്നു അതുവരെ കാട്ടുപാതയിലെ യാത്രക്കാർ നെഞ്ചോടു ചേർത്തിരുന്ന ചേരൻ ബസ് സർവീസ് നിലയ്ക്കാൻ കാരണം. 2013 മാർച്ച് 29നായിരുന്നു സംഭവം. പൊള്ളാച്ചിയിൽ നിന്നും സാധാരണപോലെ ചാലക്കുടിയിലേക്കുള്ള യാത്രയായിരുന്നു അത്. ശനിയാഴ്ചയായതിനാൽ ബസിൽ പതിവിലും തിരക്ക്. മലക്കപ്പാറയ്ക്കടുത്ത് അമ്പലപ്പാറ വ്യൂ പോയിന്റ് കഴിഞ്ഞ് മൂന്നാമത്തെ ഹെയർപിൻ വളവിൽ മണ്ണിടിച്ചിലിനെ തുടർന്ന് ബസ് കൊക്കയിലേക്ക് കൂപ്പുകുത്തി. രണ്ടുവട്ടം കരണം മറിഞ്ഞ് പിന്നീട് വലിയൊരു മരത്തിൽ ബസ് തങ്ങി നിന്ന് ജീവനുകൾ തുലാസിലാടിയ അത്യപൂർവ സംഭവമായി അത് മാറുകയായിരുന്നു. അതിരപ്പിള്ളിയിലെ കച്ചവടക്കാരനായ വേൽമുരുകനടക്കം രണ്ടു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധിയാളുകൾക്ക് ഗുരുതരമായി പരിക്കേറ്റു. പഠനയാത്രയ്്‌ക്കെത്തിയ മണ്ണുത്തി കാർഷിക കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിന്റെ കാരണവും അന്വേഷണവും നഷ്ടപരിഹാരം നൽകലും എല്ലാമായി തമിഴ്‌നാട് സർക്കാർ മുന്നോട്ടുപോയപ്പോൾ പക്ഷെ, ബസ് സർവീസ് വീണ്ടും തുടങ്ങുന്നതിന് ശ്രമം നടത്തിയില്ല. ഏതാനും ദിവസം പകരത്തിന് ഒരു ബസ് എത്തിയെങ്കിലും പിന്നീട് അത് നിലച്ചു. നാട്ടുകാരും വിനോദ യാത്രികരും ആദ്യകാലത്തെ ബസിനായി മുറവിളിക്കൂട്ടികൊണ്ടിരുന്നു. ബുധനാഴ്ച വാൽപ്പറായിലായിരുന്നു പുതിയ സർവീസിന്റെ ഫ്‌ളാഗ് ഓഫ്. ആദ്യദിവസം വാൽപ്പാറയിൽ നിന്നാണ് ചാലക്കുടിയിലെത്തിയത്്. ഉച്ചതിരിഞ്ഞ് 2ന് മടക്കയാത്രയും. ഇനിയുള്ള ദിവസങ്ങളിൽ പൊള്ളാച്ചിയിൽ നിന്നും വാൽപ്പാറയിലേക്കും അവിടെ നിന്നും ചാലക്കുടിയിലേക്കുമായിരിക്കും ഓട്ടം. തിരിച്ചുപോക്കും അങ്ങനെത്തന്നെ. തോട്ടം തൊഴിലാളികൾക്കും നാട്ടുകാർക്കും ഒരു പോലെ ഗുണകരമാകുന്ന ബസ് സർവീസിനെ സ്വീകരിക്കാൻ മലപ്പക്കപ്പാറയിലും ജനങ്ങൾ ചടങ്ങ് സംഘടിപ്പിച്ചു.

ലയൺസ് ക്ലബ് ഭാരവാഹികൾ ഇന്ന് ചുമതലയേൽക്കും
ചാലക്കുടി: ലയൺസ് ക്ലബ് ഒഫ് ചാലക്കുടിയുടെ പുതിയ ഭാരവാഹികൾ ഇന്ന് ചുമതലയേൽക്കുമെന്ന് പ്രസിഡന്റ് ഹാരി ജെ. മാളിയേക്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ലബ് ഹാളിൽ രാത്രി 7ന് നടക്കുന്ന ചടങ്ങ് ക്ലബ് മൾട്ടിപ്ലെ ചെയർമാൻ യോഹന്നാൻ മറ്റത്തിൽ ഉദ്ഘാടനം ചെയ്യും. നടപ്പ് വർഷം ലയൺസ് ക്ലബ് ചാലക്കുടിയിൽ മികവാർന്ന വികസന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. മൂന്നു വിദ്യാലയങ്ങളെ ദത്തെടുത്ത് വിവിധ പദ്ധതികൾ നടപ്പാക്കുകയാണ് പ്രധാന പദ്ധതി. വനിതാ വിഭാഗം പ്രസിഡന്റ് ബീനാ സാജു, റീജിണൽ ചെയർമാൻ ബിജു പെരേപ്പാടൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.


ഫ്‌ളൈ ഓവറിന്റെ അടിത്തട്ടിൽ പൂച്ചക്കുഞ്ഞ്: താഴെയിറക്കാനുള്ള ഫയർഫോഴ്‌സ് ശ്രമം വിഫലം
ചാലക്കുടി: ഫ്‌ളൈ ഓവറിന്റെ അടിത്തട്ടിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ താഴെയിറക്കാൻ ഫയർഫോഴ്‌സ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പൂച്ചക്കുഞ്ഞ് നിശബ്ദമായി എവിടെയോ ഒളിച്ചതാണ് ചാലക്കുടി ഫയർഫോഴ്‌സ് അംഗങ്ങളെ നിരാശരാക്കിയത്. ചാലക്കുടി സൗത്ത് ജംഗ്ഷനിലെ മേൽപ്പാലത്തിന്റെ അടിത്തട്ടിലാണ് ബുധനാഴ്ച ഉച്ചയോടെ പൂച്ചക്കുഞ്ഞിനെ കണ്ടത്. ആരെങ്കിലും ഉപേക്ഷിക്കാൻ പാലത്തിന് മുകളിൽ നിന്നും ഇട്ടതാണെന്ന് കരുതുന്നു. ഓട്ടോ തൊഴിലാളികളാണ് വിവരം ഫയർഫോഴ്‌സിനെ അറിയിച്ചത്. ഇവർ സ്ഥലത്തെത്തി കോണി വച്ച് മുകളിലെത്തിയെങ്കിലും പൂച്ചക്കുഞ്ഞ് അപ്രത്യക്ഷമായി. അന്നേരമത്രയും കരഞ്ഞു നടന്ന പൂച്ചക്കുഞ്ഞ് ആളുകൾ തൊട്ടടുത്ത് എത്തിയപ്പോൾ നിശബ്ദമാവുകയും ചെയ്തു. ഏറെ നേരം തിരഞ്ഞെങ്കിലും പ്രയോജനമില്ലാത്തതിനാൽ ഉദ്യോഗസ്ഥർ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.


കൊരട്ടി പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ കോൺഗ്രസ് ധർണ
കൊരട്ടി: പഞ്ചായത്തിലെ ദുർഭരണം, വികസന മുരടിപ്പ്, അഴിമതി എന്നിവ ആരോപിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി പ്രസിഡന്റ് ജോസ് വളളൂർ ഉദ്ഘാടനം ചെയ്തു. വികസന കാര്യങ്ങൾക്കായി വകയിരുത്തിയ ലക്ഷക്കണക്കിന് ഫണ്ട് ലാപ്‌സാക്കിയ സി.പി.എം ഭരണസമിതി പഞ്ചായത്തീരാജ് ചട്ടങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ഗ്രീൻ കൊരട്ടി, കെയർ കൊരട്ടി, ശ്രീഫുഡ്, ജനകീയ ഹോട്ടൽ അടക്കമുളള പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാൻ ഭരണസമിതിക്ക് കഴിയുന്നില്ലെന്നും ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് എം.എ. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. ജെയിംസ് പോൾ, വി.ഒ. പൈലപ്പൻ, എബി ജോർജ്, ഷാഹുൽ പണിക്കവീട്ടിൽ, ലീല സുബ്രഹ്മണ്യൻ, ഫിൻസോ തങ്കച്ചൻ, മനേഷ് സെബാസ്റ്റ്യൻ, ജോബി മാനുവൽ, മേഴ്‌സി സെബാസ്റ്റ്യൻ, ബിജോയ് പെരേപ്പാടൻ, വർഗീസ് പയ്യപ്പിള്ളി, ചാക്കപ്പൻ പോൾ, ഗ്രേസി സ്‌കറിയ, കെ.കെ. ജയൻ, വർഗീസ് പൈനാടത്ത്, ബിജോയ് വടക്കുംപുറം എന്നിവർ പ്രസംഗിച്ചു.

തയ്യൽ തൊഴിലാളി കൂട്ടായ്മ കൺവെൻഷൻ
ചാലക്കുടി: തയ്യൽ തൊഴിലാളി കൂട്ടായ്മ കോൺഗ്രസ് നിയോജക മണ്ഡലം കൺവെൻഷൻ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രവി ലായംതോപ്പിൽ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പ്രിയാ ജോസ് തിരിച്ചറിയൽ കാർഡും ആനുകൂല്യങ്ങളും വിതരണം ചെയ്തു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീനാ ഡേവിസ്, പോൾസൺ മൂത്തേടൻ, സൂസി സുനിൽ, കെ.എ. ശിവൻ, എം.എ. സുരേഷ്, കെ.കെ.സുബ്രഹ്മണ്യൻ, ജോസ് നെല്ലിശേരി എന്നിവർ പ്രസംഗിച്ചു.

വായനശാല പ്രവർത്തനസജ്ജമാക്കാത്തതിനെതിരെ തിരികൾ തെളിച്ചു
ചാലക്കുടി: നോർത്ത് ചാലക്കുടിയിലെ നഗരസഭ വായനശാല ഉദ്ഘാടനം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും പ്രവർത്തനസജ്ജമാക്കാത്ത അധികാരികളുടെ കണ്ണ് തുറക്കാൻ പുലരി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ തിരികൾ തെളിച്ചു. മുൻ കൗൺസിലർ കെ.എ. ഡാമി, റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ ജോണി വളപ്പി, പുലരി പ്രസിഡന്റ് ജോർജ് കൂനമ്മാവ്, സെക്രട്ടറി ഷിബു കെ. രാമൻ, സജിനി സന്തോഷ് കുമാർ, മിനി ബിനു, എൽസി ടോമി, ലത ചന്ദ്രൻ, മിനി ബാബു, ഡാനി പയസ്, ജോയ് തെക്കൻ, പോളി മാളിയേക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. പ്രദേശത്തെ വയോധികരും വനിതകളും യുവാക്കളും കുട്ടികളും അടക്കമുള്ള നാട്ടുകാരും ചടങ്ങിനെത്തി.