ഓട്ടിസം ബാധിതനായ യുവാവിന് ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്
പാവറട്ടി: ശാരീരിക അവശതപോലും മറികടന്ന് ഖുർആൻ മുഴുവനും പകർത്തിയെഴുതി ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ് തൊയക്കാവുകാരനെ തേടിയെത്തി. ഓട്ടിസം ബാധിച്ച് തൊയക്കാവ് ബദരിയ പള്ളിക്ക് സമീപം താമസിക്കുന്ന തെരുവത്ത് വീട്ടിൽ കമറുദ്ദീൻ-ഫെമിന ദമ്പതികളുടെ മൂത്തമകൻ അമീൻ ആണ് ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ് നേടിയത്. കഴിഞ്ഞ ദിവസമാണ് സർട്ടിഫിക്കറ്റ് കിട്ടിയത്. വരയ്ക്കാനുള്ള കഴിവ് വീട്ടുകാർ കണ്ടറിഞ്ഞതോടെ നിരവധി ചിത്രങ്ങൾ വരയ്ക്കാൻ അമീന് സൗകര്യം ഒരുക്കി. തുടർന്ന് അറബി കാലിഗ്രാഫി ഓൺലൈൻ പഠനം നടത്തി. ഇതേ രോഗാവസ്ഥയിലുള്ള കാസർകോടുള്ള മർവാൻ മുനവറുമായി വാട്‌സാപ്പിലുള്ള സൗഹൃദമാണ് ഖുർആൻ മുഴുവനും പകർത്തി എഴുതാനുള്ള പ്രചോദനമായത്. രാവിലെയും വൈകുന്നേരവുമായി 11 മാസം കൊണ്ടാണ് ഖുർആൻ മുഴുവനും പകർത്തി എഴുതിയത്. വാടാനപ്പള്ളി അൽനൂർ കോളേജിലെ ഡീസൽ മെക്കാനിക്ക് വിദ്യാർത്ഥിയാണ്. എത്ര സമയമെടുത്താലും ചെറിയ ജോലികൾ പോലും വളരെ ശ്രദ്ധയോടെ ചെയ്യുന്നത് അമീന്റെ പ്രത്യേകതയാണ്. ഈ അടക്കവും ചിട്ടയും അമീന്റെ റൂമിലും കാണാം. കുപ്പിയിൽ ചിത്രങ്ങൾ പെയിന്റ് ചെയ്യാനും ആക്രിലിക് പെയിന്റ് ഉപയോഗിച്ചുള്ള മറ്റ് ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട് അമീൻ.

ഓംബുഡ്‌സ്മാൻ സിറ്റിംഗ് 21ന്
വെങ്കിടങ്ങ്: വെങ്കിടങ്ങ് പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി 21ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ ഓംബുഡ്‌സ്മാൻ സന്ദർശനവും സിറ്റിംഗും നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാറിന് ദേശീയ പുരസ്‌കാരം
പാവറട്ടി: പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാറിന് ദേശീയ പുരസ്‌കാരം. ദേശീയ മനുഷ്യവകാശ വെൽഫെയർ ശ്രേഷ്ഠ മാനവസേവ അവാർഡാണ് ലഭിച്ചത്. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതും പരിഗണിച്ചാണ് പുരസ്‌കാരം. സോഷ്യൽ മീഡിയയിൽ തന്റെ പ്രവർത്തനങ്ങൾ പങ്കുവയ്ക്കുകയും അതിലൂടെ മറ്റു ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിലുള്ള ഇടപെടലുകൾ നടത്തുകയും ജനശ്രദ്ധ ആകർഷിക്കുകയും ചെയ്ത പ്രവർത്തിക്കും കൂടിയാണ് ഈ അവാർഡ്. സോഷ്യൽ മീഡിയ വഴിയാണ് അവാർഡ് ജേതാവിന് കണ്ടെത്തിയത്. തനിക്ക് ലഭിക്കുന്ന ഓണറേറിയം അസുഖബാധിതരായ രോഗികളുടെ ചികിത്സയ്ക്കായാണ് സിന്ധു നൽകുന്നത്. 2018ലെ പ്രളയത്തിൽ വാടക വീട് തകർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന രോഗിയായ വ്യക്തിക്ക് മൂന്ന് സെന്റ് സ്ഥലം വീട് വയ്ക്കുന്നതിന് സിന്ധു അനിൽകുമാർ നൽകിയിരുന്നു. കൊവിഡ് കാലഘട്ടത്തിൽ ജനസേവനങ്ങൾക്കും പരിഗണന നൽകിയിട്ടുണ്ട്. വരുന്ന ജൂലൈ 24ന് എറണാകുളം കെ.എം.എ ഹൗസിൽ നടത്തുന്ന കലാസാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് പുരസ്‌കാരം നൽകും.