തൃശൂർ: കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ അംഗീകരിച്ച കോർപറേഷൻ മാസ്റ്റർ പ്ലാനിലും ബന്ധപ്പെട്ട രേഖകളിലും കൗൺസിലർ പോലുമല്ലാത്ത മുൻ മേയറും മുൻ സെക്രട്ടറിയും അടക്കം ഒപ്പിട്ട് കൃത്രിമരേഖ ഉണ്ടാക്കിയെന്ന് ആരോപിച്ച് കോർപറേഷൻ ഓഫീസിന് മുന്നിൽ ഇന്ന് രാവിലെ 10.30ന് കോൺഗ്രസ് കൗൺസിലർമാർ കറുത്ത ഗൗൺ ധരിച്ച് കരിദിനം ആചരിച്ച് പ്രതിഷേധ സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ അറിയിച്ചു.
കോർപറേഷൻ കൗൺസിലർമാരെയും ജനങ്ങളെയും കൃത്രിമ രേഖയുണ്ടാക്കി വഞ്ചിച്ചവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സർക്കാർ അംഗീകരിച്ചൂവെന്ന് പറയുന്ന മാസ്റ്റർപ്ലാനിലെ മാറ്റങ്ങൾ കൗൺസിലോ കൗൺസിലർമാരോ അറിയാതെ മുൻ തദ്ദേശസ്വയംഭരണ മന്ത്രിയുടെ നേതൃത്വത്തിൽ ചില കൗൺസിലർമാർ മാത്രം അറിഞ്ഞ് ഭൂമാഫിയുമായി ഒത്തുകളിച്ച് മാസ്റ്റർപ്ലാനിൽ മാറ്റം വരുത്തിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുൻ മേയറും മുൻ സെക്രട്ടറിയും കൃത്രിമ രേഖയിൽ ഒപ്പ് വച്ചതിന് പൊലീസിൽ പരാതി നൽകുമെന്നും പറഞ്ഞു.