കൊടുങ്ങല്ലൂർ: മയക്കുമരുന്നായ എം.ഡി.എം.എയുമായി ബസ് ഡ്രൈവർ പിടിയിൽ. പറവൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവർ മേത്തല കുന്നംകുളം വേണാട്ട് വീട്ടിൽ ഷൈൻ (24) നെയാണ് വടക്കേനടയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 12 പാക്കറ്റ് എം.ഡി.എം.എയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി: സലീഷ് കെ. ശങ്കരന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടിച്ചെടുത്തത്. ബസ് യാത്രക്കാരുമായി പറവൂരിലേക്ക് പുറപ്പെടുന്നതിനിടയിൽ കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷന് മുൻവശത്ത് ബസ് തടഞ്ഞാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ബസും കസ്റ്റിഡിയിലെടുത്തിട്ടുണ്ട്. കൊടുങ്ങല്ലൂരിൽ മൂന്ന് മാസത്തിനിടെ ഇത് രണ്ടാമത്തെ ബസ് ജീവനക്കാരെയാണ് എം.ഡി.എം.എയുമായി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഏപ്രിൽ 25ന് കൊടുങ്ങല്ലൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തിയിരുന്ന മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരായ ഉണ്ണിക്കൃഷ്ണൻ, ജിതിൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ മുൻനിറുത്തിയാണ് വാഹനം കസ്റ്റഡിയിലെടുക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.