കാഞ്ഞാണി: പെരിങ്ങോട്ടുകര - ചാവക്കാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മണലൂർ, നാട്ടിക, പാവറട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവൻരക്ഷാ മാർച്ച് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6ന് കാഞ്ഞാണി സെന്ററിൽ വി.ജി. അശോകന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും. താന്ന്യം, വാടാനപ്പിള്ളി, മണലൂർ, അന്തിക്കാട്, അരിമ്പൂർ മണ്ഡലങ്ങളിലെ പദയാത്ര പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിൽ മുൻ എം.എൽ.എ പി.എ. മാധവൻ ഉദ്ഘാടനം ചെയ്യും. പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ്, എളവള്ളി മണ്ഡലങ്ങളിലെ പദയാത്ര മുല്ലശേരി സെന്ററിൽ മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും. നിരവധി പേർ സഞ്ചരിക്കുന്ന പെരിങ്ങോട്ടുകര - ചാവക്കാട് റോഡിലെ 15 കിലോമീറ്ററോളം ദൂരം കഴിഞ്ഞ ഏതാനും വർഷങ്ങളായി തകർന്ന് കിടക്കുകയാണ്. കോൺഗ്രസ് നിരവധി സമരങ്ങൾ നടത്തിയിട്ടും സ്ഥലം എം.എൽ.എമാർ റോഡ് ശരിയാക്കുന്നതിനുള്ള യാതൊരു നടപടി എടുക്കുന്നില്ലെന്നും ഇവ‌‌‌ർ ആരോപിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ. ബാബു, സി.എം. നൗഷാദ്, മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൻ, എം.വി. അരുൺ, വി.ജി. അശോകൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.