thai

ചാലക്കുടി വി.ആർ. പുരത്ത് ആരംഭിച്ച ഓണപ്പൂക്കൃഷിയുടെ തൈനടീൽ ചടങ്ങ്.

ചാലക്കുടി: നഗരസഭ വി.ആർ. പുരം വാർഡുകളിൽ ഓണത്തെ ലക്ഷ്യമിട്ട് പൂക്കൃഷിക്ക് തുടക്കം കുറിച്ചു. വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ എ.ഡി.എസ്, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. തൊഴിലുറപ്പ് പ്രവർത്തകർ ഒരുക്കിയ നിലത്തിൽ രണ്ടായിരം ചെണ്ടുമല്ലി തൈകളാണ് നടുന്നത്. സങ്കരയിനത്തിലെ തൈകളാണ് കൃഷിയിടത്തിൽ നിറയുന്നത്. 50 ദിവസത്തിനുള്ളിൽ വിളവെടുക്കാനാവും. കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ കൂടുതൽ സ്ഥലങ്ങളിൽ പൂക്കൃഷി നടത്താനും തീരുമാനമായി. നഗരസഭ ആക്ടിംഗ് ചെയർപേഴ്‌സൺ സിന്ധു ലോജു തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ ഷിബു വാലപ്പൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നീത പോൾ, കൗൺസിലർമാരായ ആലീസ് ഷിബു, ജോജി കാട്ടാളൻ, സി.ഡി.എസ് ചെയർപേഴ്‌സൺ സുബി ഷാജി, തൊഴിലുറപ്പ് കോ-ഓർഡിനേറ്റർ നൈജ, പോൾ തോമാസ്, സിന്ധു ജയരാജ്, ഇന്ദിര ബാബു, മഞ്ജു ഷിബു, രേഖ ഗോപി, സുകന്യ സനീഷ്, ദേവസി പാറേക്കാടൻ, ഷാജി മഠത്തിപറമ്പിൽ എന്നിവർ പ്രസംഗിച്ചു.