ചാലക്കുടി: കൂടപ്പുഴയിൽ നിറഞ്ഞ് വവ്വാലുകൾ. പവർ സ്റ്റേഷന് പിൻഭാഗത്തെ പ്രദേശത്താണ് ആയിരക്കണക്കിന് വവ്വാലുകളുടെ വിഹാര കേന്ദ്രം. വർഷങ്ങൾക്ക് മുമ്പ് ഒരു പറമ്പിൽ മാത്രമായിരുന്നു ഇവയുടെ ചേക്കേറ്റം. അന്ന് എണ്ണവും കുറവായിരുന്നു. ആഴ്ചകളും മാസങ്ങളും പിന്നിടുമ്പോൾ മരത്തിൽ തൂങ്ങികളും പെരുകി. ആദ്യമെല്ലാം നേരം ഇരുട്ടുന്നതോടെ ആരംഭിക്കുന്ന കലപില ശബ്ദം ഇന്ന് പകലുകളിലും സാധാരണം. മറ്റ് പക്ഷികൾ മരത്തിൽ തട്ടിയാൽ തുടങ്ങുകയായി, തലങ്ങും വിലങ്ങുമുള്ള പറക്കലും ചെവി തുളയ്ക്കുന്ന ശബ്ദവും. സമീപ പ്രദേശത്തെ വൃക്ഷങ്ങളിൽ ഫലങ്ങൾ കിട്ടുക എന്നത് ഇന്ന് അസാദ്ധ്യം. എല്ലാം ഇവയുടെ ആക്രമണങ്ങളിൽ നീരുവറ്റി പോകുന്നു. മാത്രമല്ല, പക്ഷിപ്പനിയിലും പകർച്ചവ്യാധികളിലും വവ്വാലുകൾ ഉയർത്തുന്ന ഭീഷണി ചെറുതുമല്ല. സമീപത്തെ വീടുകളിൽ മറ്റു വിധത്തിലും ശല്യമുണ്ട്. ചുവരുകളിൽ കാഷ്ടിക്കലും നിത്യ സംഭവങ്ങൾ. ജനവാസം കൂടുതലുള്ള പ്രദേശത്ത് വവ്വാലുകളും പെരുകുന്നു. എവിടെ പരാതിപ്പെടണം ആരോട് സങ്കടം പറയണം എന്നറിയാതെ നിരാശയിലാകുകയാണ് നാട്ടുകാർ.