ചാലക്കുടി: തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രത്തിന്റെ മലക്കപ്പാറയിലേക്കുള്ള മഴക്കാലയാത്ര പുനരാരംഭിച്ചു. കൊവിഡ് പ്രതിസന്ധിയിൽ നിലച്ച വിനോദയാത്രയാണ് ഡി.എം.സി വീണ്ടും തുടങ്ങിയത്.
ചാലക്കുടി റെസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ടി.ജെ. സനീഷ് കുമാർ എം.എൽ.എ മഴയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയർമാൻ ഇൻ ചാർജ് സിന്ധു ലോജു, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, ഡി.എം.സി മാനേജർ കെ.എൻ. ജീന എന്നിവർ സംസാരിച്ചു.
മഴയാത്ര ഇങ്ങനെ
ചാലക്കുടി റസ്റ്റ് ഹൗസിൽ നിന്നും രാവിലെ എട്ടിന് തുടങ്ങുന്ന യാത്രയുടെ ആദ്യ സ്റ്റോപ്പ് തുമ്പൂർമുഴി ബട്ടർ ഫ്‌ളൈ ഗാർഡനിലാകും. പ്രഭാത ഭക്ഷണവും ഇവിടെ ലഭിക്കും. തുടർന്ന് അതിരപ്പിള്ളിയിലേക്ക്. പിന്നീട് വാഴച്ചാലിലും ഉല്ലാസം ഒരുക്കും. പൊരിങ്ങൽക്കുത്ത് ഡാം സൈറ്റാണ് അടുത്ത കേന്ദ്രം. ഇവിടെ ഐ.ബിയിൽ ഉച്ചയൂണിനും വിശ്രമത്തിനും ശേഷം യാത്ര തുടർന്ന് ഷോളയാർ ഡാമിലും ആനക്കയത്തും എത്തും.
ഷോളയാറിലാകും യാത്രയുടെ മാസ്റ്റർപീസായ ഡാമിന്റെ സൗന്ദര്യം ആസ്വദിച്ചുള്ള മഴനടത്തം. വിനോദ സഞ്ചാര വകുപ്പിന്റെ വക ഒരു കുടയും ഇതിനായി ലഭിക്കും. തുടർന്ന് മലക്കപ്പാറ ഹിൽ സ്റ്റേഷനിലെ വിനോദത്തിന് ശേഷം മടക്കയാത്ര. തിരിച്ചു വരവിൽ വാഴച്ചാലിൽ കപ്പയും ചമ്മന്തിയും.