കൊടുങ്ങല്ലൂർ: സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം സമ്മേളനം 29, 30, 31 തീയതികളിൽ പടിഞ്ഞാെറെ നടയിലെ പണിക്കേഴ്‌സ് ഹാളിൽ നടത്തും. 29ന് പതാക, കൊടിമര, ബാനർ ജാഥകളും 30, 31ന് പ്രതിനിധി സമ്മേളനവുമായാണ് നടത്തുന്നത്. പതാക ജാഥ മുൻ കൃഷിമന്ത്രി വി.കെ. രാജന്റെ പുല്ലൂറ്റുള്ള വസതിയിൽ നിന്നും, കൊടിമര ജാഥ മുൻ എം.എൽ.എ യു.എസ്. ശശിയുടെ മാളയിലുള്ള വസതിയിൽ നിന്നും, ബാനർ ജാഥ വി.പി. അറുമുഖന്റെ അന്നമനടയിലുള്ള വസതിയിൽ നിന്നും ഉച്ചക്ക് രണ്ടിന് ആരംഭിക്കും. മൂന്നു ജാഥകളും കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ കേന്ദ്രീകരിക്കും. തുടർന്ന് വൈകിട്ട് അഞ്ചിന് സമ്മേളന വേദിയായ പണിക്കേഴ്‌സ് ഹാളിലേക്ക് നിരവധി പാർട്ടി പ്രവർത്തകർ പങ്കെടുക്കുന്ന ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും. 30ന് രാവിലെ പത്തിന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, നേതാക്കളായ ടി.ആർ. രമേഷ് കുമാർ, കെ. ശ്രീകുമാർ, കെ.ജി. ശിവാനന്ദൻ, കെ.വി. വസന്തകുമാർ, വി.ആർ. സുനിൽകുമാർ തുടങ്ങിയവർ സംബന്ധിക്കും.