ഐരാണിക്കുളം സർക്കാർ ആശുപത്രിയിൽ നിർമ്മിക്കുന്ന കുട്ടികളുടെ പാർക്കിനെതിരെ ബി.ജെ.പി
കൂഴൂർ: ഐരാണിക്കുളം ഗവ. ആശുപത്രിയിൽ കുട്ടികൾക്കായി നിർമ്മിക്കുന്ന പാർക്കിനെതിരെ ബി.ജെ.പി കൂഴൂർ പഞ്ചായത്ത് കമ്മിറ്റി രംഗത്ത്. അവശ്യ സേവനം പോലും ലഭ്യമല്ലാത്ത ആശുപത്രിയിൽ ആരാണ് കുട്ടികളുമായി പാർക്കിൽ വരികയെന്നും ബി.ജെ.പി കൂഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ജി. മോഹനന്റെ നേതൃത്വത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ നേതാക്കൾ ആരോപിച്ചു.
കുഴൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് ഏക ആശ്രയമായി ഐരാണിക്കളത്ത് പ്രവർത്തിച്ചുവരുന്ന സർക്കാർ ആശുപത്രി ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തിയെങ്കിലും മതിയായ സൗകര്യങ്ങൾ ഇന്നും ഇവിടെയില്ലെന്നും ആരോപണമുണ്ട്. രണ്ട് ഡോക്ടർമാരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. അതിൽ ഒരാളുടെ സേവനമേ മിക്ക ദിവസങ്ങളിലും ലഭിക്കുന്നുള്ളുവെന്ന് പറയുന്നു. ആവശ്യത്തിന് മരുന്നുകളും ജീവനക്കാരും ഇല്ലാത്ത ആശുപത്രിയിൽ ഇപ്പോൾ ധൃതിപ്പെട്ട് പാർക്ക് നിർമ്മിക്കുന്നത് എന്തിനാണെന്നാണ് ബി.ജെ.പി ഉന്നയിക്കുന്ന ചോദ്യം. പാർക്കിന്റെ പേരിൽ നടത്തുന്ന പാഴ് ചെലവ് ഉടൻ ആവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
കൂടാതെ കൂഴൂർ പഞ്ചായത്തിലെ പാറപ്പുറം ഇറച്ചി മാർക്കറ്റ് മാലിന്യ കൂമ്പാരാമായി മാറിയിരിക്കുകയാണെന്നും ഇവിടെ തെരുവ് നായ്ക്കളും മറ്റും നിറഞ്ഞ് വൃത്തിഹീനമായ സാഹചര്യമാണെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ കെ.ജി. മോഹനൻ, സുഗതൻ ചക്കമത്ത്, പി.ഡി. ബിജോയ്, പി.കെ. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.