കൊടുങ്ങല്ലൂർ: റവന്യു കുടിശ്ശിക പിരിക്കാനുള്ള തീവ്രയജ്ഞത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് ജല അതോറിറ്റി ആഗസ്റ്റ് 15 വരെ ആംനെസ്റ്റി പദ്ധതി നടപ്പാക്കുന്നു. പദ്ധതി പ്രകാരം തീർപ്പാക്കുന്ന കണക്ഷനുകൾക്ക്, കുടിശ്ശികത്തുകയുടെ 50 ശതമാനം തുക അടച്ച് കണക്ഷൻ നിലനിറുത്താൻ കഴിയും. ബാക്കി തുക അടയ്ക്കാൻ പരമാവധി ആറു തവണകൾ വരെ അനുവദിക്കും. കൂടാതെ കുടിശ്ശികത്തുകയിന്മേൽ ഒട്ടേറെ ഇളവുകളും അനുവദിച്ചിട്ടുണ്ട്. ആഗസ്റ്റ് 15 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ആംനെസ്റ്റി പ്രകാരം കുടിശ്ശികകൾ തീർപ്പാക്കാനുള്ള അപേക്ഷകൾ ജല അതോറിറ്റിയുടെ നാരായണമംഗലത്തുള്ള കൊടുങ്ങല്ലൂർ സെക്ഷൻ ഓഫീസിൽ സമർപ്പിക്കാം. 2021 ജൂൺ 30ന് മുമ്പ് മുതൽ വാട്ടർ ചാർജ് കുടിശ്ശിക നിലനിൽക്കുന്ന ഉപഭോക്താക്കൾക്ക് ആംനെസ്റ്റി പദ്ധതിയിൽ അപേക്ഷ നൽകാം. ഈ തീയതിക്ക് മുമ്പ് കുടിശ്ശിക ഇല്ലാത്ത ഉപഭോക്താക്കൾക്ക് ഇതുവഴി ആനുകൂല്യം ലഭിക്കുന്നതല്ല.