തൃശൂർ: കാലവർഷത്തിന് രണ്ട് ദിവസമായി ശക്തി കുറഞ്ഞെങ്കിലും മഴയെപ്പറ്റിയുള്ള ആശങ്ക ഒഴിയുന്നില്ല. ജില്ലയിലെ പ്രധാനപ്പെട്ട അണക്കെട്ടുകളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ തുറന്നിട്ടുണ്ട്. പൂമല, പെരിങ്ങൽകുത്ത്, ചിമ്മിനി, പീച്ചി ഡാമുകളുടെ ഷട്ടറുകളെല്ലാം കനത്ത മഴയിൽ തുറന്നുവിട്ട് ജലവിതാനം ക്രമീകരിച്ചു കഴിഞ്ഞു. മഴയ്ക്ക് കുറവുണ്ടായെങ്കിലും അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ നീരൊഴുക്ക് ശക്തമായതിനാലും ഡാമുകളിൽ മണ്ണും ചളിയും അടിഞ്ഞ് കൂടിയതിനാലുമാണ് അണക്കെട്ടുകൾ വേഗം നിറയുന്നത്. അണക്കെട്ടുകൾ തുറന്നതോടെ പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.