കൊടുങ്ങല്ലൂർ: ലോകമലേശ്വരം സർവീസ് സഹകരണ ബാങ്കിൽ ദീർഘകാലം സെക്രട്ടറിയായിരുന്ന കെ.സി. ജെസി കുമാറിന്റെ മരണത്തെ തുടർന്ന്, കലഹിക്കാതെ ജെസി കുമാർ യാത്ര പറഞ്ഞു എന്ന തലക്കെട്ടോടെ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്ത ഏകപക്ഷീയവും തെറ്റിദ്ധാരണാജനകവുമാണെന്ന് ബാങ്ക് ഭരണ സമിതി.

ഈ വിഷയത്തിൽ ബാങ്കിന്റെ നിലപാട് ആരായാതെ വാർത്ത തയ്യാറാക്കിയ നടപടിയിലുള്ള വിയോജിപ്പും ഇവർ പ്രകടമാക്കി. 2020 ജൂൺ 30ന് സർവീസിൽ നിന്നും വിരമിച്ച ജെസി കുമാറിന് സർവീസ് ആനുകൂല്യങ്ങളിലൊരു ഭാഗം ഇതിനകം നൽകി കഴിഞ്ഞിട്ടുള്ളതാണെന്നും ബാക്കി സംഖ്യ 2022 ജൂൺ 17ന് അദ്ദേഹത്തിന്റെ സസ്‌പെൻസ് അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്.

ജെസി കുമാർ നിര്യാതനായ സാഹചര്യത്തിൽ ഈ സംഖ്യ അനന്തരാവകാശികൾക്ക് അവകാശപ്പെട്ടതാണ്. ബന്ധപ്പെട്ട രേഖകൾ സഹിതം ഇതിനായുള്ള അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഈ സംഖ്യ അനന്തരാവകാശികൾക്ക് ഒട്ടും വൈകാതെ കൈമാറുമെന്നും ബാങ്ക് കേരളകൗമുദിയോട് വ്യക്തമാക്കി. ഔദ്യോഗിക ചുമതല നിയമപരമായി കൈമാറുന്നതിൽ സംഭവിച്ച ഉപേക്ഷയുണ്ടായതാണ് വിനയായതെന്നും ഇവർ ചൂണ്ടിക്കാട്ടി.