മാള ഹോമിയോ ഡിസ്‌പെൻസറിയുടെ

മാള: മാളയിലെ സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിൽ ചികിത്സയ്ക്കായെത്തിയാൽ ഇരിക്കാൻ പോയിട്ട് മറ്റൊരാളുടെ ശരീരത്തിൽ മുട്ടാതെ പോലും നിൽക്കാൻ സ്ഥലമില്ല. കഷ്ടിച്ച് രണ്ട് കുടുംബത്തിനേ ഉള്ളിൽ നിൽക്കാൻ ഇടമുള്ളു. മാള കൂളത്തിന് സമീപത്തെ വളവിനോട് ചേർന്നുള്ള റോഡിന്റെ വശത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. രോഗികളെ ഇറക്കുന്നതിന് വാഹനം റോഡിൽ നിറുത്തേണ്ട അവസ്ഥയാണ്. രണ്ട് സെന്റ് സ്ഥലത്തായി നിൽക്കുന്ന ആശുപത്രിയിൽ പാർക്കിംഗിനുള്ള സൗകര്യവുമില്ല. പ്രായമായതും ഭിന്നശേഷിക്കാരുമായ രോഗികൾ ഇവിടെയെത്തിയാൽ കഷ്ടപ്പെടുന്ന സാഹചര്യമാണ്.

രജിസ്‌ട്രേഷൻ കൗണ്ടറിൽ നിൽക്കാനും മരുന്നുവാങ്ങാനും പൊതുജനങ്ങൾ സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുകയാണ്. കൺസൾട്ടേഷൻ റൂമിലാണ് ഇത്തിരിയെങ്കിലും സ്ഥലമുള്ളത്. ആവശ്യത്തിനു മരുന്നില്ലാത്തതിനാൽ രോഗികൾക്ക് പുറത്തുള്ള മെഡിക്കൽഷോപ്പുകളെ ആശ്രയിക്കേണ്ട ഗതികേടാണ്. ഫാർമസിയിൽ മരുന്നുകൾ സൂക്ഷിക്കാൻ സ്ഥലസൗകര്യമില്ലെന്നും അധികൃതർ പറയുന്നു. നേരത്തെ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് ഡിസ്‌പെൻസറി പ്രവർത്തിച്ചിരുന്നത്. 2001 ലാണ് മാള കുളത്തിന് സമീപത്തുള്ള കെട്ടിടത്തിലേക്ക് മാറ്റിയത്. 21 വർഷം കഴിഞ്ഞിട്ടും എല്ലാം പഴയപടി തന്നെ.

ഡിസ്‌പെൻസറികൾ മരുന്ന് വാങ്ങേണ്ടത് ഹോമിയോപ്പതിക്ക് കോപ്പറേറ്റീവ് ഫാർമസിയിൽ നിന്നാണ്. എന്നാൽ ഇവർ ആവശ്യപ്പെടുന്ന മരുന്നുകൾ സമയത്തിന് കിട്ടാത്ത സ്ഥിതിയാണ്. കൂടാതെ ആവശ്യപ്പെടാത്ത മരുന്നുകളാണ് ലഭിക്കുന്നതിൽ കൂടുതലുമെന്ന് ഇവർ പറയുന്നു. ഉടനടി ആവശ്യമുള്ളതും അടിയന്തരമായി പരിഹരിക്കേണ്ടതുമായ കാര്യങ്ങൾ ചെയ്തുകിട്ടാൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിക്ക് പരാതി നൽകി കാത്തിരിക്കുകയാണ് ഡിസ്‌പെൻസറി അധികൃതർ. ആവശ്യത്തിന് ഭൗതിക സൗകര്യങ്ങളുണ്ടെങ്കിൽ ഡിസ്‌പെൻസറിയെ ആയുഷ് ഹോളിസ്റ്റിക്‌സ് സെന്ററാക്കാമെന്നാണ് ഡി.എം.ഒ പറയുന്നത്. പഞ്ചായത്തിന്റെ അനുമതിയോടെ വിശാലമായ കെട്ടിടം നിർമ്മിച്ച് ഡിസ്‌പെൻസറിയെ ആയുഷ് ഹോളിസ്റ്റിക് സെന്ററാക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.