ചേലക്കര: വാഴക്കോട് മുതൽ പ്ലാഴി വരെയുള്ള 22.7 കിലോമീറ്റർ റോഡിന്റെ ഇരുവശങ്ങളിലായി 650 ഇടങ്ങളിൽ കൈയ്യേറ്റമുണ്ടെന്നു കണ്ടെത്തൽ. റോഡ് പുനർനിർമാണത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിനു വേണ്ടി (കെ.എസ്.ടി.പി) സർവേ ഡയറക്ടർ നിയമിച്ച 11 സർവേയർമാരുടെ സംഘമാണ് കൈയ്യേറ്റങ്ങൾ കണ്ടെത്തിയത്. റോഡ് കടന്നു പോകുന്ന 9 വില്ലേജുകളിലായി മാർച്ച് മുതൽ ജൂലൈ വരെയാണ് സർവേ നടന്നത്. കൈയ്യേറ്റങ്ങൾ രേഖപ്പെടുത്തി കല്ലുകളും സ്ഥാപിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം വീടുകൾ പി.ഡബ്ല്യു.ഡി റോഡിന്റെ സ്ഥലം കൈയ്യേറി നിർമ്മിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തത്കാലം വീടുകൾക്കെതിരെ നടപടി ഒഴിവാക്കി റോഡിന് വീതി കിട്ടത്തക്ക വിധത്തിൽ മറ്റ് കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചെടുക്കാനാണ് കെ.എസ്.ടി.പി ശ്രമം. കൈയ്യേറ്റങ്ങൾ ഉടൻ സ്വയം പൊളിച്ച് നീക്കാനാവശ്യപ്പെട്ട് മുവാറ്റുപുഴ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ നോട്ടീസ് നൽകിയിട്ടുണ്ട്.