പാവറട്ടി: എളവള്ളി പഞ്ചായത്തിൽ നിലവിലുള്ള ജലനിധി പദ്ധതിക്ക് സഹായകമായി ബൾക്ക് വാട്ടർ പദ്ധതി വരുന്നു. പഞ്ചായത്തിൽ 8337 കുടുംബങ്ങളാണ് ഉള്ളതെങ്കിലും ജലനിധിയുടെ ഭാഗമായി 3900 പേർക്ക് മാത്രമാണ് കുടിവെള്ള വിതരണം ചെയ്തു വരുന്നത്. 4437 ഗുണഭോക്താക്കൾക്ക് കൂടി ഗാർഹിക കണക്ഷൻ ഇനിയും നൽകാൻ ബാക്കിയുണ്ട്. ജലനിധിയുടെ നിലവിലുള്ള കുടിവെള്ള സ്രോതസ് വേലിയേറ്റത്തിൽ ഇടിയംചിറ കടന്നുവരുന്ന ഉപ്പുവെള്ളം മൂലവും കനാലിലെ മണ്ണും ചെളിയും നീക്കുന്നതിന്റെ ഭാഗമായുള്ള കലക്കുവെള്ളം മൂലവും ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ഈ സമയങ്ങളിൽ ബദൽ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് ബൾക്ക് വാട്ടർ പദ്ധതി. ഇതിനായി 45 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി എളവള്ളി പഞ്ചായത്ത് രണ്ടരക്കോടി രൂപ ഗുണഭോക്തൃ വിഹിതം അടയ്ക്കണം. പ്രസ്തുത തുക പുതിയ ഗാർഹിക കണക്ഷൻ കൊടുക്കുന്നവരിൽ നിന്നും ഈടാക്കും. മണച്ചാൽ ശുദ്ധജല തടാകത്തിന്റെ നടപടിക്രമങ്ങളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ത്വരിതഗതിയിലാണ്.
കൂടാതെ ജല അതോറിറ്റിയുടെ ദേശമംഗലം സ്‌കീമിൽ എളവള്ളി ഉൾപ്പടെ ദേശമംഗലം, കടങ്ങോട്, വേലൂർ, വരവൂർ, ചൂണ്ടൽ, കണ്ടാണശ്ശേരി, മുള്ളൂർക്കര എന്നീ എട്ട് പഞ്ചായത്തുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുരളി പെരുനെല്ലി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മുല്ലശ്ശേരി ബ്ലോക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ്, ജലനിധി ഭാരവാഹികളായ പി.എം. ജോസഫ്, പി.കെ. സുലൈമാൻ, കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മാനേജർ എം.പി. ഷെഹീർ, ടെക്‌നിക്കൽ മാനേജർ എം.എസ്. സജിത്ത്, കേരള ജല അതോറിറ്റി തൃശൂർ എക്‌സിക്യൂട്ടീവ് എൻജിനിയർ പി. ജയപ്രകാശ്, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ എച്ച്.ജെ. നീലിമ എന്നിവർ പ്രസംഗിച്ചു.

വെള്ളം മുടാട്ട്കുന്നിലെ ടാങ്കിൽ ശേഖരിക്കും
എളവള്ളി പഞ്ചായത്തിന് ആവശ്യമായ കുടിവെള്ളം പറയ്ക്കാട് മുടാട്ട് കുന്നിൽ ജല അതോറിറ്റി വക 50 സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന 10 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിൽ ശേഖരിക്കും. ഈ വെള്ളം താമരപ്പിള്ളി പൂച്ചക്കുന്നിൽ നിലവിലുള്ള ടാങ്കിലേക്ക് ബൂസ്റ്റർ വച്ച് പമ്പ് ചെയ്യും. തുടർന്നാണ് ഗാർഹിക കണക്ഷനുകളിലേയ്ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്. 2024 ൽ പദ്ധതിയുടെ പൂർത്തീകരണം സാദ്ധ്യമാകുന്ന വിധത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളത്.